മുംബൈ: പോർവിമാനത്തിൽ നിന്നുള്ള ബ്രഹ്മോസ് മിസൈലിന്‍റെ വിക്ഷേപണ പരീക്ഷണം വിജയം. അത്യാധുനിക പോര്‍വിമാനമായ സുഖോയ്–30 എംകെഐ യിൽ നിന്നാണ് ബ്രഹ്മോസ് വിക്ഷേപിച്ചത് . ആദ്യമായാണ് ഒരു ശബ്ദാദിവേഗ ക്രൂയിസ് മിസൈൽ ദീർഘ ദൂര പോർവിമാനത്തിൽ നിന്ന് വിക്ഷേപിക്കുന്നത് . ഇന്ത്യ - റഷ്യ സംയുക്ത പദ്ധതിയായ ബ്രഹ്മോസ് ക്രൂയിസ് മിസൈലിന് 290 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തെ വരെ കൃത്യമായി നശിപ്പിക്കാനാവും .
ഇതോടെ മിസൈൽ പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് ചരിത്രനേട്ടമായി. ലോകത്ത് ആദ്യമായാണു ശബ്ദാതിവേഗ മിസൈൽ ഒരു ദീർഘദൂര പോർ വിമാനത്തിൽ ഘടിപ്പിക്കുന്നതും വിക്ഷേപിക്കുന്നതും. ഈ ശേഷി കൈവരിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇതോടെ ഇന്ത്യയ്ക്കു സ്വന്തമായി.
മഹാരാഷ്ട്രയിലെ നാസിക്കിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡിൽ ആയിരുന്നു ബ്രഹ്മോസ്– സുഖോയ് സംയോജനം. വ്യോമസേനയും പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയും പങ്കാളികളായി. വ്യക്തമായി കാണാൻ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളിൽപോലും ആക്രമണം നടത്താൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാനഗുണം.
സൂപ്പർസോണിക് ബ്രഹ്മോസ് മിസൈലിനു മണിക്കൂറിൽ 3200 കിലോമീറ്റർ വേഗമാണുള്ളത്. കരയിൽനിന്നും കടലിൽനിന്നും തൊടുക്കാവുന്ന 290 കിലോമീറ്റർ ദൂരപരിധിയുള്ള ബ്രഹ്മോസിന്റെ വിവിധ രൂപങ്ങൾ സേനയ്ക്കു സ്വന്തമായുണ്ട്. അമേരിക്കയുടെ പക്കലുള്ള ക്രൂസ് മിസൈലിനേക്കാൾ മൂന്ന് മടങ്ങിലേറെ വേഗവും ഒൻപത് മടങ്ങ് ഗതികോർജവും ഉള്ളതാണ് ബ്രഹ്മോസ്. 600 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. ഇതിൽ 400 കിലോമീറ്റർ വരെ പരീക്ഷണം നടത്തിയിട്ടുണ്ട്. ലക്ഷ്യത്തിന്റെ കൃത്യതയിലും ശക്തിയിലും വെല്ലാൻ ലോകത്ത് വേറെ ക്രൂസ് മിസൈലുകളില്ലെന്നതും പ്രത്യേകതയാണ്
