ശ്രീനഗര്‍: പാക് അധിനിവേശ കശ്‌മീരില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമിച്ച സൈനികന്‍ നാലു തീവ്രവാദികളെ വധിച്ചശേഷം വീരമൃത്യു വരിച്ചു. അരുണാചല്‍ പ്രദേശ് സ്വദേശിയായ ഹവില്‍ദാര്‍ ഹങ്പന്‍ ദാദയാണ് വീരമൃത്യൂ വരിച്ചത്. വടക്കന്‍ കശ്‌മീരിലെ ഷംശബരി റേഞ്ചില്‍ 13000 ആടി ഉയരത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇന്നും തുടരുകയായിരുന്നു. ഇതിനിടയിലാണ് വന്‍ ആയുധങ്ങളുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച നാലു തീവ്രവാദികളെ ഹങ്പന്‍ ദാദ വധിച്ചത്. എന്നാല്‍ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ഹങ്പന്‍ ദാദ പിന്നീടു മരിക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യത്തിലെ ആസാം റെജിമെന്റില്‍ 1997ലാണ് ഹങ്പന്‍ സേവനം ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഷാംശബരി മേഖലയില്‍ ഹങ്പന്റെ നേതൃത്വത്തിലുള്ള 35 രാഷ്‌ട്രീയ റൈഫിള്‍സ് സേനാവിഭാഗത്തെ സുരക്ഷയ്‌ക്കായി നിയോഗിച്ചത്. ചേസന്‍ ലൊവാങ് ആണ് അരുണാചലിലെ ബോഡുറിയ ഗ്രാമത്തിലെ സ്വദേശിയായ ഹവില്‍ദാര്‍ ഹങ്പന്‍ ദാദയുടെ ഭാര്യ. ഹങ്പന്‍ ദാദയ്‌ക്ക് പത്തുവയസുകാരിയായ മകളും ആറു വയസുകാരനായ ഒരു മകനുമുണ്ട്.