എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കാത്തിരിക്കവെയാണ് വിവാഹത്തിന് താല്പര്യമില്ലെന്ന് കാണിച്ച് വരന്റെ വീട്ടിൽ നിന്ന് ഫോണ്‍ വിളി വന്നത്.
ലക്‌നൗ: നവവധുവിന്റെ അമിത വാട്‌സാപ്പ് ഉപയോഗം കാരണം വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശ് അംറോഹ ജില്ലയിലുള്ള നുവാന്‍വന്‍ സാദത്ത് എന്ന ഗ്രാമത്തിലാണ് സംഭവം.
ബുധനാഴ്ച്ച നടക്കാനിരുന്ന വിവാഹത്തില്‍ നിന്നാണ് വരനും കുടുംബവും പിന്തിരിഞ്ഞത്. യുവതി അമിതമായി വാട്‌സാപ്പ് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതു കൊണ്ടാണ് വിവാഹത്തില്‍ നിന്ന് മാറുന്നതെന്ന് വരന്റെ ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.
എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കാത്തിരിക്കവെയാണ് വിവാഹത്തിന് താല്പര്യമില്ലെന്ന് കാണിച്ച് വരന്റെ വീട്ടിൽ നിന്ന് ഫോണ്‍ വിളി വന്നത്. അതേ സമയം വിവാഹത്തിന്റെ അവസാന നിമിഷം വരന്റെ വീട്ടുകാര്‍ സ്ത്രീധനം അവശ്യപ്പെട്ടുവെന്നും അത് നൽകാൻ താല്‍പര്യം കാണിക്കാത്തതിനാലാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്നും വധുവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.
സ്ത്രീധനത്തിന്റെ ഭാഗമായി വരന്റെ കുടുംബം 65 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് വധുവിന്റെ അച്ഛന്‍ ഉറോജ് മെഹന്ദി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വിവാഹത്തില്‍ പങ്കെടുക്കാനായി ബന്ധുക്കളും സുഹൃത്തുക്കളുമായി ധാരാളം പേര്‍ എത്തിയിരുന്നു. വരനെത്തുന്നതും കാത്തിരിക്കുന്നതിനിടെയാണ് വരന്റെ അച്ഛന്‍ വിവാഹത്തില്‍ നിന്ന് ഒഴിയുകയാണെന്ന് മാത്രം ഫോണില്‍ പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു.
അതേ സമയം പെണ്‍കുട്ടി വാട്‌സ്ആപ്പില്‍ എപ്പോഴും മെസേജുകള്‍ അയയ്ക്കുമായിരുന്നുവെന്നും വിവാഹത്തിനു മുമ്പ് ഇങ്ങനെ മെസേജുകള്‍ അയയ്ക്കുന്നത് തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തതു കൊണ്ടാണ് വിവാഹം വേണ്ടെന്ന് വച്ചതെന്നും വരന്റെ വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.
