തൃശൂർ: ഒറ്റപ്പെട്ട് കിടക്കുന്ന തൃശൂർ കുറിഞ്ഞാക്കൽ തുരുത്തിലേക്കുള്ള പാലത്തിന്‍റെ നിർമ്മാണം തുടങ്ങി. അഞ്ച് കോടി രൂപ ചിലവിട്ട് കൃഷി വകുപ്പാണ് പാലം നിർമ്മിക്കുന്നത്. ഇവിടെയുള്ള ഇരുപതോളം കുടുംബങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്. 

നഗരത്തിൽ നിന്നും ഒറ്റപ്പെട്ടു കിടക്കുകയായിരുന്നു കുറിഞ്ഞാക്കല്‍ തുരുത്ത്. പ്രധാന പാതയിലെത്താൻ തുരുത്തിന് ചുറ്റുമുള്ള വെള്ളം താണ്ടണം.അല്ലെങ്കിൽ പുഴയ്ക്കൽ വഴി നാല് കിലേമീറ്റർ സഞ്ചരിക്കണം. ജീവൻ പണയം വച്ചാണ് രാത്രി കാലങ്ങളിൽ കനാലിന് കുറുകേ കുട്ടികളും മുതിർന്നവരും വഞ്ചിയാത്ര നടത്തിയിരുന്നത്. പാലത്തിന്‍റെ നിർമ്മാണം തുടങ്ങിയതോടെ ഇവിടുത്തുകാർ പ്രതീക്ഷയിലാണ്. 

68 മീറ്റർ നീളത്തിൽ 5.52 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. കേരള ലാന്‍റ് ഡെവലപ്‍മെന്‍റ് കോർപ്പറേഷനാണ് പദ്ധതി നിർവഹണം. 
പാലത്തിന്‍റെ നിർമ്മാണം പൂർത്തിയാവുന്നതോടെ പ്രദേശത്തെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താനാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.