ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി
ലണ്ടന്‍: മുന്‍ റഷ്യന്‍ ചാരനും മകള്‍ക്കും എതിരെ റഷ്യ രാസായുധം പ്രയോഗിച്ചെന്ന ബ്രിട്ടന്‍റെ ആരോപണത്തെ ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. 23 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ബ്രിട്ടന്‍ ആവശ്യപ്പെട്ടു. മോസ്കോയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളില്‍ മന്ത്രിമാരോ ബ്രിട്ടീഷ് രാജകുടുംബാംങ്ങളോ പങ്കെടുക്കില്ലെന്നും പ്രധാനമന്ത്രി തേരേസ മേ വ്യക്തമാക്കി.
മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്ക്രിപാലിനും മകള്‍ യൂലിയ സ്ക്രിപാലിനും നേരെ റഷ്യ രാസായുധം ഉപയോഗിച്ചെന്ന് ബ്രട്ടിന്‍റെ ആരോപണമാണ് ഒരു നയതന്ത്ര യുദ്ധത്തിന്‍റെ വക്കിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. ബ്രിട്ടനിലെ സാലിസ്ബറിയില്‍ മാര്‍ച്ച് മൂന്നിന് നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്.
ഇതിന് പിന്നാലെ റഷ്യന്‍ അംബാസഡറെ വിളിച്ചുവരുത്തിയ ബ്രിട്ടന്‍ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു. ഈ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേ കടുത്ത നടപടികളിലേക്ക് കടക്കുകയാണെന്ന് ബ്രിട്ടീഷ് പാര്‍ലമെന്‍റിനെ അറിയിച്ചത്.
23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരാഴ്ച്ക്കകം ഇവരോട് രാജ്യവിടാനും നിര്‍ദ്ദേശിച്ചു. ഇതിനുപിന്നാലെ ഈ വര്‍ഷാവസാനം മോസ്കോയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളില്‍ നിന്ന് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ വിട്ടുനില്‍ക്കുമെന്നും മേ വ്യക്തമാക്കി.
ആരോപണം റഷ്യ നിഷേധിച്ചിട്ടുണ്ട്. ബ്രിട്ടന്‍റെ നടപടിക്ക് ഉചിതമായ സമയത്ത് തക്ക മറുപടി നല്‍കുമെന്നും റഷ്യ വ്യക്തമാക്കി. ഇതിനുപിന്നാലെ വിഷയം ബ്രിട്ടന്‍ ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലില്‍ ഉന്നയിച്ചു. യുദ്ധത്തില്‍ വിലക്കിയിട്ടുള്ള രാസായുധമാണ് സമാധാനം കാംഷിക്കുന്ന ബ്രിട്ടനില്‍ റഷ്യ പ്രയോഗിച്ചതെന്ന് യുഎന്നിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി അംബാസഡര്‍ ജോനാഥന്‍ അലന്‍ ആരോപിച്ചു. വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ പിന്തുണയും അദ്ദേഹം തേടി.
അതേസമയം വാസ്തവവിരുദ്ധമായ ആരോപണം പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ തെളിവുകള്‍ നല്‍കാന്‍ ബ്രിട്ടന്‍ തയ്യാറാകണമെന്നും റഷ്യ ആവശ്യപ്പെട്ടു. അമേരിക്കയും ഫ്രാന്‍സും ബ്രിട്ടന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
