ലണ്ടന്‍: ബ്രിട്ടണില്‍ അപ്രതീക്ഷിതമായി പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂണ്‍ എട്ടിന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി തെരേസ മേയാണ് പ്രഖ്യാപിച്ചത്. 2020ല്‍ നടക്കേണ്ട തെരഞ്ഞെടുപ്പാണ് നേരത്തെയാക്കാന്‍ തീരുമാനിച്ചത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും വേര്‍പിരിയാനുള്ള ബ്രക്സിറ്റിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തിന് കൂടുതല്‍ സുസ്ഥിരവും ദൃഢതയും ശക്തവുമായി നേതൃത്വം ആവശ്യമുണ്ടെന്ന് തെരേസ മേ പറഞ്ഞു. 

വിജയകരമായ ബ്രെക്‌സിറ്റ് കൊണ്ടുവരാനുള്ള നമ്മുടെ ശ്രമത്തിന് അത് വിഘാതം സൃഷ്ടിക്കുന്നു. അത് രാജ്യത്തിന് കുറച്ച് അനിശ്ചിതത്വവും അസ്ഥിരതയും സമ്മാനിച്ചുവെന്നും അവര്‍ പറഞ്ഞു. രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട സമയമാണിത്. എന്നാല്‍ ചില ഘടകങ്ങള്‍ ഇതിനോട് യോജിക്കുന്നില്ല. അതുകൊണ്ട് ഇപ്പോള്‍ ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടത്. അതിനുള്ള അവസരമാണിത്. 

ഇപ്പോള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടിങ്കെില്‍ അത് കൂടുതല്‍ രാഷ്ട്രീയ കളികള്‍ക്ക് വഴിയൊരുക്കും. അതോടെ യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയിലെ ഉള്‍​പ്പാര്‍ട്ടി വഴക്ക് കൂടി കണ്ടാണ് മേയുടെ നീക്കം. 

ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ തന്റെ കക്ഷിക്ക് വിജയം സുനിശ്ചിതമാണെന്ന് അവര്‍ കരുതുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറെബി കോര്‍ബിനും സ്വാഗതം​ ചെയ്തു. അതേസമയം, തെരഞ്ഞെടുപ്പിന് തയ്യാറെടുക്കണമെങ്കില്‍ പാര്‍ലമെന്റിന്റെ അംഗീകാരം കൂടി ആവശ്യമാണ്. ബുധനാഴ്ച ഇതു പാര്‍ലമെന്റില്‍ വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് സൂചന.