4,700 ട്രേകളിലായാണ് മുട്ട സൂക്ഷിച്ചിരുന്നത്. ഓരോ ട്രേയിലും 30 മുട്ടകൾ എന്ന രീതിയിലാണ് ട്രേകൾ അടക്കിയിരുന്നത്. സംഭവം നടന്ന ദിവസം മുട്ട കച്ചവടക്കാരനായ മുഹമ്മദ് നബി ഷെയ്ഖും മകൻ മുസ്സമ്മിലും താനെയിലെ അമ്പർനാഥിലെ മൊത്തക്കച്ചവടക്കാരന് മുട്ടയെത്തിക്കുന്നതിനായി പോകുകയായിരുന്നു.
താനെ: കടം വീട്ടാൻ കോഴി മുട്ട മോഷ്ട്ടിച്ച വ്യവസായി പിടിയിൽ. ഹൈദരാബാദിൽനിന്ന് മഹാരാഷ്ട്രയിലെ താനെയിലേക്ക് കോഴി മുട്ട നിറച്ച വണ്ടിയുമായി പോകുകയായിരുന്ന ഉടമയെയും മകനെയും ആക്രമിച്ച് വണ്ടിയുമായി മുങ്ങിയ കേസിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് ലക്ഷം രൂപയുടെ 1,41,000 മുട്ടകളാണ് വണ്ടിയിലുണ്ടായിരുന്നത്. നവംബർ 18നായിരുന്നു സംഭവം.
4,700 ട്രേകളിലായാണ് മുട്ട സൂക്ഷിച്ചിരുന്നത്. ഓരോ ട്രേയിലും 30 മുട്ടകൾ എന്ന രീതിയിലാണ് ട്രേകൾ അടക്കിയിരുന്നത്. സംഭവം നടന്ന ദിവസം മുട്ട കച്ചവടക്കാരനായ മുഹമ്മദ് നബി ഷെയ്ഖും മകൻ മുസ്സമ്മിലും താനെയിലെ അമ്പർനാഥിലെ മൊത്തക്കച്ചവടക്കാരന് മുട്ടയെത്തിക്കുന്നതിനായി പോകുകയായിരുന്നു. അമ്പനാഥ്-ബദൽപൂർ റോഡിലെ ഗ്രീൻ സിറ്റി ടി സർക്കിളിൽ എത്തിയപ്പോൾ ഒരു സംഘം ആളുകൾ വാഹനം തടയുകയും ഷെയ്ഖിനെയും മകനെയും ആക്രമിച്ച് വാഹനവുമായി കടന്നുകളയുകയായിരുന്നു. ആക്രമി സംഘത്തിൽ നാല് പേരാണുണ്ടായിരുന്നത്.
സംഭവത്തെ തുടർന്ന് ഷെയ്ഖ് നൽകിയ പരാതിയിൽ താനെ ക്രൈം ബ്രാഞ്ച് കേസ് അന്വേഷണം നടത്തി. സംഭവം നടന്ന ദിവസം അമ്പർനാഥിലെ മാർക്കറ്റിൽ സാദത്ത് എന്ന് പേരുള്ള ഒരാൾ ഹോൾസെയിൽ വിലയിൽ കച്ചവടക്കാർക്ക് മുട്ട വിറ്റതായി കടയുടമകൾ പൊലീസിനോട് പറഞ്ഞു. തുടർന്ന് സാദത്തിന്റെ ഭിവാന്തി വാഡ റോഡിലെ ഗോഡൗണിൽ പരിശോധന നടത്തുകയും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. വ്യാപാരത്തിൽ ഉണ്ടായ വൻ കടബാധ്യത മൂലമാണ് മോഷണം നടത്തിയതെന്ന് സാദത്ത് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഗോഡൗണിൽനിന്നും 1.16 ലക്ഷത്തോളം മുട്ടകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
