ഇടുക്കി: തൊടുപുഴയാറില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പെട്ടു കാണാതായ തമിഴ്‌നാട് സ്വദേശികളായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. നാഗര്‍ കോവില്‍ സ്വദേശികളായ പതിനഞ്ചും പതിമൂന്നും വയസ്സുളള സഹോദരങ്ങളെ ഞായറാഴ്ചയാണ് ഒഴുക്കില്‍പെട്ട് കാണാതായത്.
നാഗര്‍കോവില്‍ വടശ്ശേരിയില്‍ എബനേസര്‍ കൃപ ദമ്പതികളുടെ മക്കളാണ് ഞായറാഴ്ച തൊടുപുഴയാറ്റില്‍ ഒഴുക്കില്‍ പെട്ടത്. അവധിക്കാലമാഘോഷിക്കാന്‍ ബന്ധു വീട്ടിലെത്തിയ എബനേസറും ഫുള്ളറും അമ്മൂമ്മയോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഒരുകാലിനു സ്വാധീനക്കുറവുളള എബനേസര്‍ ഒഴുകിപ്പോകുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അനിയന്‍ ഫുളളറും അപകടത്തില്‍ പെട്ടത്.
പേരമക്കളെ രക്ഷിക്കാന്‍ ചാടിയ അമ്മൂമ്മ ലക്ഷ്മിയെ നാട്ടുകാര്‍ക്ക് കരക്കെത്തിക്കാനായി. നാട്ടകാരായ രക്ഷാപ്രവര്‍ത്തകരുടെ കൈയ്യില്‍ നിന്നാണ് ഫുളളര്‍ പുഴയിലെ കുത്തൊഴുക്കില്‍ മുങ്ങിത്താണത്. ഞായറാഴ്ച രാത്രിയായതോടെ അവസാനിപ്പിച്ച തിരച്ചില്‍ തിങ്കളാഴചയും തുടരവേ ഒരുകിലോ മീറ്ററോളം അകലെ രണ്ടിടങ്ങളില്‍ നിന്നാണ് ഇരുവരുടെയും മൃതദേങ്ങള്‍ കണ്ടെടുത്തത്.
അപകടം നടക്കുമ്പോള്‍ വെളളത്തിലിറങ്ങാതിരുന്നത് ഇളയ കുട്ടിക്ക് രക്ഷയായി. പെന്തക്കോസ്തു സഭയില്‍ പാസ്റ്ററാണ് കുട്ടികളുടെ പിതാവ് എബനേസര്‍. സിംഗപ്പൂരിലുളള മാതാവ് കൃപ അകടവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
