ശ്രീനഗര്‍: അതിര്‍ത്തിയിൽ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. ജമ്മു കശ്മീരിലെ ആര്‍ എസ് പുര സെക്ടറിൽ പാകിസ്ഥാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചു. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെയായാണ് പാകിസ്ഥാൻ വെടിവച്ചത്. വെടിവെപ്പില്‍ പരിക്കേറ്റ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. സുശീല്‍ കുമാര്‍ ആണ് മരിച്ചത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ സുശീലിനെ ജമ്മുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആര്‍ എസ് പുര സെക്ടറിലെ രാജ്യാന്തര അതിര്‍ത്തിയില്‍ ഞായറാഴ്ച രണ്ടു തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ വെടിയുതിര്‍ത്തിരുന്നു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. വെള്ളിയാഴ്ച രാത്രിയും അതിര്‍ത്തി ഗ്രാമങ്ങളിലേക്കും അതിര്‍ത്തി ചെക് പോസ്റ്റുകളിലേക്കും പാക് സേന വെടിയുതിര്‍ത്തിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ബിഎസ്എഫ് അറിയിച്ചു