ലക്നൗ: ദളിത്-മുസ്ളീം വോട്ടുകൾ ഉന്നംവെച്ചാണ് ഉത്തര്‍പ്രദേശിൽ ബി.എസ്.പിയുടെ പ്രചരണം.സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചതുകൊണ്ട് പല മണ്ഡലങ്ങളും ഒന്നാംഘട്ട പ്രചരണം ബി.എസ്.പി പൂര്‍ത്തിയാക്കി.

വാരാണസി നോര്‍ത്ത് മണ്ഡലത്തിൽ ബി.എസ്.പിയുടെ പ്രചരണം പുരോഗമിക്കുകയാണ്. ദളിത് മുസ്ളീം വിഭാഗങ്ങൾ ബി.ജെ.പിക്കെതിരെയും സമാജ് വാദി പാര്‍ട്ടിക്കെതിരെയും ഒന്നിച്ചുനിൽക്കണമെന്ന് സ്ഥാനാര്‍ത്ഥി അഹ്വാനം ചെയ്യുന്നു. 2012ൽ സമാജ് വാദി പാര്‍ടിയോട് തോറ്റെങ്കിലും 25.91 ശതമാനം വോട്ട് മായാവതിയുടെ ബി.എസ്.പിക്ക് യുപിയിൽ പിടിച്ചിരുന്നു. എസ്.പി-ബി.എസ്.പി പാര്‍ടികൾക്കിടയിലെ വോട്ട് വ്യത്യാസം 3 ശതമാനം മാത്രമായിരുന്നു. പക്ഷെ, ലോക്സഭ തെരഞ്ഞെടുപ്പിൽ എസ്.പി ഒരുപരിധിവരെ പിടിച്ചുനിന്നപ്പോൾ ബി.എസ്.പി തകര്‍ന്നടിഞ്ഞു.

ഒരു സീറ്റുപോലും കിട്ടിയില്ല. വോട്ട് ശതമാനം 19.60 ആയി കുറ‍യുകയും ചെയ്തു. അവിടെ നിന്നുള്ള തിരിച്ചുവരവിനായി സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് പ്രചരണം കൊഴുപ്പിക്കുകയാണ് ബി.എസ്.പി. അഖിലേഷ് യാദവിനെ വിമര്‍ശിക്കുന്നതിനൊപ്പം നരേന്ദ്ര മോദിയെ കടന്നാക്രമിക്കുന്നത് കൂടിയാണ് ബി.എസ്.പിയുടെ പ്രചരണം.

ഉത്തര്‍പ്രദേശിലെ 20 ശതമാനം വരുന്ന ദളിത് വോട്ടുകൾ ലോക്സഭ തെരഞ്ഞെടുപ്പിൽ വിഘടിച്ചുപോയെങ്കിലും നിയമസഭയിലേക്ക് മായാവതിക്ക് തന്നെയാകും കിട്ടുക. അതിനൊപ്പം മുസ്ളീം വോട്ടുകൾ കിട്ടിയാൽ മായാവതിക്ക് മുന്നിലെത്താം. അതിനായി മുസ്ളീം സമുദായത്തിൽ നിന്ന് 100 ലധികം ഇത്തവണ 100 ലധികം മുസ്ളീങ്ങളെ മായാവതി സ്ഥാനാര്‍ത്ഥിയാക്കി. 50 ലധികം മേൽജാതിക്കാര‍്ക്കും സീറ്റുനൽകി. നോട്ടുനിരോധനം, സംസ്ഥാനത്തെ അഴിമതി തുടങ്ങി വിഷയങ്ങൾ ബി.എസ്.പി ബി.ജെ.പിക്കും എസ്.പിക്കും എതിരെ ആയുധമാക്കുന്നു.