ലക്നൗ: ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി മന്ത്രി ഗായത്രി പ്രജാപതിക്ക് പിന്നാലെ അയോധ്യയിലെ ബിഎസ്‌പി സ്ഥാനാർത്ഥി ബാസ്മി സിദ്ദീഖിക്കെതിരെയും ബലാത്സസംഗ കേസ്. സിദ്ദീഖിയും കൂട്ടാളികളും വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ബാസ്മി സിദ്ദീഖിയും അഞ്ച് അനുയായികളും വീട്ടിൽ അതിക്രമിച്ചെത്തി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. നിലത്തിട്ട് വലിച്ചിഴച്ചെന്നും ക്രൂരമായി മർദിച്ചുവെന്നും പരാതിയിൽ പറയുന്നു. ഫൈസാബാദിലെ കോട്വാലി പൊലീസ്റ്റേഷൻ പരിധിയിലാണ് കേസ്.
അന്വേഷണം തുടങ്ങിയ പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. യുവതി പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ബാസ്മി സിദ്ദീഖി മൂന്ന് മാസം മുൻപും തന്നെ പീഡിപ്പിച്ചിരുന്നു എന്നും ആകേസ് പൊലീസ് ഒതുക്കി തീർക്കുകയായിരുന്നു എന്നും യുവതി മാധ്യമങ്ങോളോട് പറഞ്ഞു. രാഷ്ട്രീയ എതിരാളികളുടെ ഗൂഡാലോചനയാണ് ബലാൽസംഘ കേസെന്ന നിലപാടിലാണ് ബാസ്മി സിദ്ദീഖി.
കഴിഞ്ഞ ദിവസങ്ങളിൽ താൻ ലക്നൗവിൽ ആയിരുന്നു എന്നും സിദ്ദീഖി പറയുന്നു. അതേസമയം ബലാത്സംഗകേസിൽ പൊലീസ് തിരയുന്ന ഗായത്രി പ്രജാപതിയെ എന്തുകൊണ്ടാണ് ഇപ്പോഴും ക്യാബിനറ്റിൽ തുടരാൻ അനുവദിക്കുന്നതെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് ഗവർണർ രാം നായിക് ചോദിച്ചു. അറസ്റ്റ് വൈകുന്നതിൽ ഗവർണർ പൊലീസിനോടും വിശദീകരണം ആവശ്യപ്പെട്ടു. പ്രജാപതിക്കായി പൊലീസ് അമേഠിയിലും കാൺപൂരിലും ലക്നൗവിലും തെരച്ചിൽ നടത്തി. തെരഞ്ഞെടുപ്പ് അവസാനിക്കുന്ന വേളയിൽ പ്രജാപതിക്കെതിരായ കേസ് എസ്പിക്കും സിദ്ദീഖിക്കെതിരായ കേസ് ബിഎസ്പിക്കും തലവേദനയാവുകയാണ്.
