ദില്ലി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം നാളെ തുടങ്ങും. രാംനാഥ് കോവിന്ദിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണിത്. പ്രതിപക്ഷ പാര്‍ടികളുടെ സഹകരണം തേടി സര്‍ക്കാരും സ്പീക്കറും സര്‍വ്വകക്ഷി യോഗം വിളിച്ചു. വ്യാഴാഴ്ചയാണ് പൊതുബജറ്റ്.

നാളെ ആരംഭിച്ച് ഫെബ്രവരി ഒന്‍പത് വരെയും മാര്‍ച്ച് അഞ്ച് മുതൽ എപ്രിൽ ആറുവരേയും രണ്ടുഘട്ടമായാണ് ഇത്തവണത്തെ ബജറ്റ് സമ്മേളനം ചേരുന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ ധനമന്ത്രി അരുണ‍് ജയ്റ്റ്ലി അവതിപ്പിക്കുന്ന ബജറ്റിലാണ് എല്ലാവരുടെയും പ്രതീക്ഷ. 

നോട്ട് നിരോധനവും ജി.എസ്.ടിയും ഉണ്ടാക്കിയ പ്രതിസന്ധികൾ മറികടക്കുക സര്‍ക്കാരിന് മുന്നിലെ വെല്ലുവിളിയാണ്. എണ്ണവില കുതിച്ചുയരുന്നത് നിയന്ത്രിക്കാനും, വിലക്കയറ്റം നേരിടാനും സര്‍ക്കാര്‍ എന്തൊക്കെ പ്രഖ്യാപനങ്ങൾ നടത്തും എന്നതും പ്രധാനപ്പെട്ടതാണ്. ഒപ്പം നികുതികളിലെ മാറ്റവും ബജറ്റിൽ പ്രതീക്ഷിക്കുന്നു. 

വലിയ പ്രതിഷേധങ്ങൾക്കിടേയാകും ഇത്തവണ ബജറ്റ് സമ്മേളനം. മൻമോഹൻസിംഗിനെതിരെ നടത്തിയ പാക് പരാമര്‍ശത്തിൽ പ്രധാനമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധമായിരുന്നു കഴിഞ്ഞ സമ്മേളനത്തെ പ്രക്ഷുബുധമാക്കിയത്. ഇത്തവണയും സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്‍റെ യോജിച്ച പ്രതിഷേധങ്ങൾക്ക് തന്നെയാണ് സാധ്യത. 

മെഡിക്കൽ കോഴ അഴിമതിയും സുപ്രീംകോടതിയിലെ പ്രശ്നങ്ങളും ഉയര്‍ന്നുവന്നേക്കും. ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്‍റ് പ്രമേയം കൊണ്ടുവരുന്നതിന്‍റെ സാധ്യതയും പ്രതിപക്ഷം ആലോക്കുന്നുണ്ട്. സമ്മേളനത്തിന്‍റെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷ പാര്‍ടികളുടെ സഹകരണം ഉറപ്പാക്കാൻ വൈകീട്ട് സര്‍ക്കാരും സ്പീക്കറും സര്‍വ്വകക്ഷി യോഗം വിളിച്ചു. എൻ.ഡി.എ വിടുമെന്ന് ശിവസേന പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ സമ്മേളനത്തിൽ ശിവസേന നിലപാട് കടുപ്പിക്കാനുള്ള സാധ്യതയും ഉണ്ട്.