യാത്രക്കാരിയായ ഡോക്ടര്‍ക്ക് നേരെ അശ്ലീലചേഷ്ട കാണിച്ച പരാതിയില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. പത്തനം തിട്ട- അടൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറായ കരുനാഗപ്പള്ളി തഴവ ചീരന്‍കുളത്ത് പുത്തന്‍വീട്ടില്‍ നൗഷാദിനെയാണ് ഡിവൈ.എസ്.പി. ആര്‍. ജോസ്, കൊടുമണ്‍ അഡി. എസ്.ഐ രാജീവ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീലച്ചുവയൊടെയുള്ള ആംഗ്യം കാണിക്കല്‍ എന്നീ കുറ്റിങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കരുനാഗപ്പള്ളി അടൂര്‍ റൂട്ടിലോടുന്ന ശ്രീദേവി ബസിലെ ഡ്രൈവറാണ് അറസ്റ്റിലായത്. അതേസമയം താന്‍ അശ്ലീല ആംഗ്യം കാണിച്ചിട്ടില്ലെന്നും വിരല്‍ സീറ്റിന് പിന്നില്‍ വയ്ക്കുക മാത്രേമാണ് ചെയ്തതെന്ന് നൗഷാദ് പോലീസിനോട് പറഞ്ഞു.

ഞായറാഴ്ച രാവിലെ അടൂരില്‍ നിന്ന് കൊടുമണിലേക്ക് യാത്ര ചെയ്ത കൊല്ലം സ്വദേശിയായ വനിതാ ആയുര്‍വേദ ഡോക്ടറെയാണ് നൗഷാദ് സീറ്റിന് പിന്നിലേക്ക് വിരല്‍ വച്ച് അശ്ലീല ആംഗ്യം കാണിച്ചത്. ഏഴംകുളം മുതല്‍ കൊടുമണ്‍ വരെയായിരുന്നു യാത്ര. ഡോക്ടര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം സുഹൃത്തായ മറ്റൊരു ഡോക്ടര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. പിന്നാലെ പത്തനംതിട്ട ആര്‍.ടി.ഒ, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് ഇ-മെയില്‍ മുഖേനെ പരാതി സമര്‍പ്പിക്കുകയും ചെയ്തു.

 പരാതി ലഭിച്ചതിനെ തുടര്‍ന്ന് നൗഷാദിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദാക്കിയതായി പത്തനംതിട്ട ആര്‍ ടി ഒ എബി. ജോണ്‍ അറിയിച്ചു. വീഡിയോ സഹിതം ആരോപണം കാണിച്ച ശേഷം നടപടി എടുക്കുകയായിരുന്നു. ആദ്യം അടപ്പില്ലാത്ത കുപ്പിയില്‍ വിരലിട്ട് കാണിച്ച നൗഷാദ് പിന്നീട് നടുവിരല്‍ കൊണ്ട് അശ്ലീല ആംഗ്യം കാണിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. വീഡിയോയിലും ഇതേ ദൃശ്യമാണ്.