ഹൈദരാബാദ്: യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കവെ ആഡംബര ബസ് അഗ്നിക്കിരയായി. മിനിറ്റുകൾക്കുള്ളിൽ ബസ് കത്തിനശിച്ചെങ്കിലും ബസിലുണ്ടായിരുന്ന 30 യാത്രക്കാരെ അത്ഭുതകരമായി രക്ഷപ്പെടുത്താൻ കഴിഞ്ഞു. ഹൈദരാബാദിൽനിന്ന് 50 കിലോമീറ്റർ അകലെ അലയറിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഹൈദരാബാദിൽനിന്നു വാറങ്കലിലേക്കു പോയ തെലുങ്കാന ആർടിസി ബസാണ് കത്തിനശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നു. തീ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
