എംബാപെയാണ് ലോകകപ്പിലെ മിന്നും താരം
മോസ്കോ: റഷ്യന്‍ ലോകകപ്പില്‍ ഉദിച്ചുയര്‍ന്ന താരമുണ്ടെങ്കില്‍ അത് കെയ്‍ലന്‍ എംബാപെയാണ്. അര്‍ജന്‍റീനയെ ലോകകപ്പില്‍ നിന്ന് പുറത്താക്കിയ രണ്ടു ഗോളുകളും വേഗതയാര്‍ന്ന മുന്നേറ്റവും മാത്രം മതി ഫ്രഞ്ച് യുവ താരത്തിന്‍റെ കരുത്ത് എന്താണെന്ന് മനസിലാക്കാന്‍. ഇന്ന് ചുവന്ന ചെരുത്താന്മാരെ ഫ്രഞ്ച് പട സെമിയില്‍ നേരിടാന്‍ ഒരുങ്ങുമ്പോള്‍ എംബാപയെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ബെല്‍ജിയത്തിന്‍റെ സൂപ്പര്‍ താരവും ഡിഫന്‍ഡറുമായിരുന്ന ഡാനിയേല്‍ വാന്‍ ബുയ്റ്റന്‍.
ബ്രസീലിന്‍റെ റൊണാള്‍ഡോയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തിയറി ഒന്‍റിയും ഒത്തുചേര്‍ന്നാല്‍ എന്താകുമോ, അതാണ് എംബാപെയെന്നാണ് ബുയ്റ്റന്‍ പറയുന്നത്. അവനില്‍ ഒരു റൊണാള്‍ഡോയുണ്ട്. പക്ഷേ ചില സമയങ്ങളില്‍ ക്രിസ്റ്റ്യാനോയുമുണ്ടെന്നാണ് മുന്‍ ബയേണ്‍ മ്യൂണിക് താരം പറയുന്നത്. ഡിഫന്‍ഡര്‍മാരെ വേഗം കൊണ്ട് തോല്‍പ്പിച്ച് ഗോള്‍ നേടാന്‍ എംബാപെയ്ക്ക് സാധിക്കും.
ഒന്‍റിയെ പോലെ കഷ്ടപ്പെടുന്ന കളിക്കാരനുമാണ്. അവന്‍ ഇപ്പോഴും ഒരു കുട്ടിയാണെന്നുള്ള കാര്യം മറക്കുന്നില്ല. ഇനിയും വളര്‍ച്ചയുടെ പടവുകള്‍ കയറാന്‍ അവന് സാധിക്കും. നിലവില്‍ ഫുട്ബോളിലുള്ള ഏറ്റവും ആക്രമണകാരിയായ ഫുട്ബോളര്‍മാരില്‍ ഒരാളാണ് എംബാപെ.
മൂന്നോ നാലോ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇപ്പോഴത്തെക്കാള്‍ കരുത്തനാകാന്‍ അവന് സാധിക്കുമെന്നും ബുയ്റ്റന്‍ പറഞ്ഞു. ശക്തിയില്‍ ഒപ്പം നില്‍ക്കുന്ന രണ്ടു ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. കടലാസിലെ കരുത്ത് പലപ്പോഴും കളത്തില്‍ പ്രകടമാകണമെന്നില്ല.
ഈ ലോകകപ്പിലെ ജപ്പാന്‍റെ കാര്യം തന്നെ ഉദാഹരണം. ബെല്‍ജിയത്തിന്‍റെ കരുത്തിന് മുന്നില്‍ ഏഷ്യന്‍ ടീം ഒന്നുമല്ലായിരുന്നു. പക്ഷേ, രണ്ടു ഗോളിന്‍റെ ലീഡ് സ്വന്തമാക്കാന്‍ അവര്‍ക്ക് സാധിച്ചു. എന്നാല്‍, അനുഭവപരിചയത്തിന്‍റെ കുറവാണ് അവരെ തോല്‍പ്പിച്ചത്. ആരാണോ ഇന്ന് കളത്തില്‍ മികവ് പ്രകടപ്പിക്കുന്നത്, അവര്‍ക്കാകും വിജയം. പ്രവചനമെന്ന നിലയില്‍ ഇന്ന് ബെല്‍ജിയം വിജയം നേടുമെന്നാണ് കരുതുന്നതെന്നും മുന്‍ താരം പറഞ്ഞു.
