Asianet News MalayalamAsianet News Malayalam

ഹര്‍ത്താലിനെതിരെ പൊലീസ് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു: സി കെ പത്മനാഭൻ

ഹര്‍ത്താലിനെതിരെ പൊലീസ് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതായി ബിജെപി നേതാവ് സി കെ പത്മനാഭൻ.

c k padmanabhan against police
Author
Thiruvananthapuram, First Published Dec 14, 2018, 9:23 AM IST

 

തിരുവനന്തപുരം: ഹര്‍ത്താലിനെതിരെ പൊലീസ് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതായി ബിജെപി നേതാവ് സി കെ പത്മനാഭൻ. അയ്യപ്പന് വേണ്ടി തനിക്ക് ഇത്രയെ ചെയ്യാനാകൂ എന്നാണ് വേണുഗോപാലൻ നായർ അവസാനം പറഞ്ഞതെന്നും സമരപന്തലിൽ ഉള്ളവരെല്ലാം ഇത് കേട്ടതാണെന്നും സി കി പത്മനാഭൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

 


അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. വേണുഗോപാലൻ നായരുടെ ആത്മഹത്യയിൽ പ്രതിഷേധിച്ചാണ് ബിജെപിയുടെ സംസ്ഥാന ഹർത്താൽ. സർക്കാരിന്‍റെ ശബരിമലനയത്തിലുള്ള പ്രതിഷേധമാണ് ആത്മഹത്യക്ക് പിന്നിലെന്ന് ബിജെപി പറയുന്നു. എന്നാൽ മരണമൊഴി ബിജെപി നിലപാടിന് വിരുദ്ധമാണ്.

മറ്റ് പ്രേരണകളൊന്നുമില്ലെന്നും സ്വയം എടുത്ത തീരുമാനമാണെന്നുമാണ് മരണമൊഴി. ഈ സാഹചര്യത്തിലാണ് പൊലീസ് വിശദമായ അന്വേഷണം നടത്തുന്നത്. മരണമൊഴി ഇന്ന് പൊലീസ് മജിസ്ട്രേറ്റിൽ നിന്നും വാങ്ങും. മുട്ടടയിലെ സഹോദരന്‍റെ വീട്ടിലുണ്ടായിരുന്ന വേണുഗോപാലൻ നായർ ഒരു ഓട്ടോയിൽ സെക്രട്ടേറിയറ്റിന് മുന്നിലെത്തി എന്ന വിവരമാണ് പൊലീസിന് കിട്ടിയത്. ഓട്ടോ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു. കത്തിക്കാൻ ഉപയോഗിച്ച് മണ്ണെണ്ണ എവിടെ നിന്നും കിട്ടിയെന്നും അന്വേഷിക്കുന്നു. തീ പടരുന്നതിന്‍റെ രണ്ട് സിസിടിവി ദൃശ്യങ്ങൾ ഇതിനകം പൊലീസിന് കിട്ടിയിട്ടുണ്ട്.

പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. ശബരിമല പ്രശ്നം തന്നെയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളിൽ ചിലർ പറയുന്നത്. അന്വേഷണം വേണമെന്ന് ദേവസ്വമന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പൊലീസിന് പരാതി നൽകി. മരണത്തെ ചൊല്ലിയുള്ള രാഷ്ട്രീയപ്പോര് മുറുകി. സമരം പൊളിഞ്ഞതിന്‍റെ ജാള്യത മറയ്ക്കാനാണ് ബിജെപി ഹർത്താലെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.

Follow Us:
Download App:
  • android
  • ios