തൃശൂര്‍: ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ സി.പി. ഉദയഭാനുവിന്റെ കൊച്ചി തൃപ്പൂണിത്തറയിലെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ്. തൃശ്ശൂരില്‍ നിന്നും ചാലക്കുടിയില്‍ നിന്നുമുള്ള പൊലിസ് സംഘമാണ് പരിശോധന നടത്തുന്നത്.

കൊലപാകത്തിന്റെ ഗൂഢാലോചനയിലും ക്വട്ടേഷന്‍ നല്‍കിയതിലും പങ്കുള്ളതായാണ് പൊലീസിന് ലഭിച്ച മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദയഭാനുവിനെ നേരത്തെ കേസില്‍ ഏഴാം പ്രതിയാക്കിയിരുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഇത്തരത്തില്‍ ഉദയഭാനുവിനെതിരെ മൊഴി ലഭിച്ചിട്ടുണ്ട്. 

ഭൂമിയിടപാടുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്താനാണ് പൊലീസ് പരിശോധന നടത്തുന്നത്. ഉദയഭാനുവില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് കൊല്ലപ്പെട്ട രാജീവ് നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. സെപ്തംബര്‍ 29ന് രാവിലെയാണ് ചാലക്കുടി പരിയാരത്ത് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഉദയഭാനുവിനെ പൊലീസ് പ്രതിചേര്‍ത്തത്.