തൃശൂര്‍: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജിവിന്റെ കൊലപാതകം ആദ്യ മൂന്നു പ്രതികൾക്ക് പറ്റിയ കയ്യബദ്ധമാണെന്ന് അറസ്റ്റിലായ അഡ്വക്കേറ്റ് സി പി ഉദയഭാനു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പ്രതിയായ ജോണി തന്റെ കക്ഷിയാണെന്നും ജോണിക്ക് നിയമോപദേശം നൽകുക മാത്രമാണ് ചെയ്തതെന്നും ഉദയഭാനു പൊലീസിനോട് പറഞ്ഞു.

മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്‍തത്. കൊലപാതക കേസില്‍ ഉദയഭാനുവിന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാമെന്ന ഉദയഭാനുവിന്റെ വാദം കോടതി തള്ളിയിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. ഉദയഭാനുവിനും രാജീവിനും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുണ്ടായിരുന്നുവെന്നും ഇവര്‍ തമ്മില്‍ അവസാന ഘട്ടത്തില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.