ദില്ലി: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്‍ഡോറിലും ഭോപ്പാലിലും മെട്രോ റെയില്‍ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദാണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ഭോപ്പാലിലെ മെട്രോ പ്രോജക്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തുല്യ പങ്കാളിത്തത്തോടെ ചെലവുകള്‍ വഹിക്കും.

നാല് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകുന്ന പദ്ധതി നഗരത്തിലെ 27.87 കിലോ മീറ്റര്‍ ദൂരമാണ് താണ്ടുക. 6,941.40 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്‍ഡോറില്‍ 31.55 കിലോമീറ്റര്‍ നീളമുള്ള മെട്രോ പാതയായിരിക്കും നിര്‍മിക്കുക. നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കും ഇതോടെ മെട്രോ ഗതാഗതത്തിന്‍റെ പ്രയോജനം ലഭിക്കും. നാല് വര്‍ഷം കൊണ്ട് 7,500.80 കോടി രൂപയില്‍ നിര്‍മാണം തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.