പാന്റും ജാക്കറ്റും ഉയർത്തിപ്പിടിച്ചിരിക്കുന്ന മന്ത്രിയുടെ ചെരുപ്പ് തുണി ഉപയോ​ഗിച്ച് ജീവനക്കാരിലൊരാൾ വൃത്തിയാക്കുന്ന ഫോട്ടോയാണ് മന്ത്രിയെ നാണകെടുത്തിയിരിക്കുന്നത്. 

ലഖ്നൗ: ഉത്തർപ്രേദശ് കാബിനറ്റ് മന്ത്രി രാജേന്ദ്ര പ്രതാപ് സിം​ഗിന്റെ ചെരുപ്പ് ജീവനക്കാരിലൊരാൾ വൃത്തിയാക്കി കൊടുക്കുന്ന ദൃശ്യങ്ങൾ‌ പുറത്ത്. കുശി ന​ഗറിലെ ബുദ്ധാ പിജി കോളേജിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മന്ത്രി. പാന്റും ജാക്കറ്റും ഉയർത്തിപ്പിടിച്ചിരിക്കുന്ന മന്ത്രിയുടെ ചെരുപ്പ് തുണി ഉപയോ​ഗിച്ച് ജീവനക്കാരിലൊരാൾ വൃത്തിയാക്കുന്ന ഫോട്ടോയാണ് മന്ത്രിയെ നാണകെടുത്തിയിരിക്കുന്നത്. 

സംഭവത്തിന് ശേഷം കാറിനടുത്തേയ്ക്ക് നടന്ന മന്ത്രി താനൊന്നുമറിഞ്ഞില്ല എന്നാണ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ജീവനക്കാരൻ ചെരിപ്പ് വൃത്തിയാക്കിയ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ 'ഒന്നും ഓർമ്മയില്ല, ചെരിപ്പ് ആരും തുടച്ചു തന്നിട്ടില്ല; എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

അദ്ദേഹത്തെ പിന്തുണച്ച് ഔദ്യോ​ഗിക വക്താവും രംഗത്തെത്തി. മന്ത്രി സ്വയം ചെരിപ്പ് വൃത്തിയാക്കുകയാണ് ചെയ്തതെന്നും ഒരു ചുവപ്പ് തുണിയാണ് ഉപയോ​ഗിച്ചതെന്നും ഇയാൾ പറയുന്നു. ഇത് ശരിവച്ച് മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ. ''ചെരിപ്പിൽ വെള്ളം വീണപ്പോൾ ഞാൻ സ്വയം വൃത്തിയാക്കുകയായിരുന്നു.'' സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ്.