ആലപ്പുഴ: വിഴിഞ്ഞം കരാറിൽ ജുഡിഷ്യൽ അന്വേഷണം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.എ.ജി കണ്ടെത്തൽ ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു .

അദാനിക്ക് എണ്‍പതിനായിരം കോടിയുടെ അധികവരുമാനമുണ്ടാക്കുന്നതും സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധവുമാണ് ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ ഒപ്പിട്ട വിഴി‍ഞ്ഞം തുറമുഖ കരാറെന്നായിരുന്നു സി.എ.ജി റിപ്പോര്‍ട്ട് . നിയമസഭയിൽ റിപ്പോര്‍ട്ട് വച്ചെങ്കിലും സഭയിൽ ഭരണപക്ഷം വിഴിഞ്ഞം പ്രതിപക്ഷത്തിനെതിരെ ആവേശത്തോടെ ആയുധമാക്കിയില്ല. 

അതേ സമയം സമഗ്രപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം ശക്തമായ ആയുധമാക്കണമെന്നാവശ്യം സി.പി.എം സെക്രട്ടറിയറ്റിൽ ഉയര്‍ന്നു . പരിശോധനയുണ്ടാകുമെന്ന് മുഖ്യമന്ത്രി പാര്‍ട്ടിയെ അറിയിക്കുകയും ചെയ്തു .ഇതിന് പിന്നാലെയാണ് ജുഡിഷ്യൽ അന്വേഷണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്

സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് ആലോചന. മുന്‍ സര്‍ക്കാര്‍ ബാധ്യത ഈ സര്‍ക്കാരിന് മേൽ അടിച്ചേൽപ്പിക്കുയാണെന്നും മുഖ്യന്ത്രി പറഞ്ഞു . അതേ സമയം അദാനിയുമായുള്ള കരാറിൽ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങില്ല. ഇക്കാര്യം മുഖ്യമന്ത്രി സി.പി.എം സെക്രട്ടറിയറ്റിൽ വ്യക്തമാക്കിയിരുന്നു .കരാറിൽ പൊളിച്ച് എഴുതണമെന്നാണ് വി.എസിന്‍റെ ആവശ്യം.