കൊച്ചി: സംസ്ഥാന റോഡ് സുരക്ഷാ ഫണ്ട് വിനിയോഗത്തില്‍ ഗുരുതര ക്രമക്കേടുകളെന്ന് അക്കൗണ്ട് ജനറലിന്റെ റിപ്പോര്‍ട്ട്.ചീഫ് സെക്രട്ടറിയുടെ ഗണ്‍മാന്റെ മൊബൈല്‍ ബില്ല് അടയ്‌ക്കാനും ഫണ്ട് വിനിയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തി.നാലാഴ്ചയ്‌ക്കകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് എജി ഗതാഗത കമ്മീഷണര്‍ക്ക് നോട്ടീസ് നല്‍കി.

ഗതാഗത മന്ത്രി ചെയര്‍മാനായ സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിയിലാണ് ഗുരുതര ക്രമക്കേടുകളും ഫണ്ട് ദുരൂപയോഗം ചെയ്യലും വ്യാപകമാണെന്നാണ് അക്കൗണ്ട് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുള്ളത്-2008-2009,2015-2016 വ‌ര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. കഴിഞ്ഞ മാര്‍ച്ച് 31 വരെ 187 പദ്ധതികള്‍ക്കായി 127 കോടി രൂപാ ചെലവഴിച്ചിട്ടുണ്ട്. 47 കോടിയോളം രൂപ ചെലവഴിച്ചിട്ടില്ല. ചെലവഴിച്ചതില്‍ മിക്കതും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കല്ല.

ആര്‍ ശ്രീലേഖ ഗതാഗത കമ്മീഷണറായിരിക്കെ തിരുവനന്തപുരം വഴുതക്കാട് ഈശ്വരവിലാസം റോഡില്‍ ഇന്റര്‍ലോക്ക് ടൈല്‍പാകാന്‍ 12 ലക്ഷം രൂപാ ചെലവഴിച്ചത് ക്രമക്കേടാണ്. 2013-14 കാലത്ത് ചീഫ് സെക്രട്ടറിയുടെ ഗണ്‍മാന്റെ മൊബൈല്‍ ബില്ലടയ്‌ക്കാന്‍ 18,442 രൂപാ ചെലവിട്ടു. കണ്ണൂരില്‍ ബസുകള്‍ക്കായി ഏക നമ്പര്‍ സിസ്റ്റം നടപ്പിലാക്കാന്‍ 22 ലക്ഷം രൂപാ ചെലവഴിച്ചു. കോട്ടയത്ത് സ്കൈ വാക്ക് പദ്ധതിക്കായി ഒരു കോടി ചെലവിട്ടു.

കോവളം-കൊല്ലം റോഡ് അറ്റകുറ്റപണികള്‍ക്കായി രണ്ട് കോടി ചെലവിട്ടു. വാഹനപരിശോധനക്ക് വാങ്ങിയ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ദുരൂപയോഗം ചെയ്യുന്നു. ഇതിലെല്ലാം ക്രമക്കേട് നടന്നുവെന്നും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അല്ല നടപ്പാക്കിയതെന്നുമാണ് എജിയുടെ കണ്ടെത്തല്‍.