എംജിക്ക് പിന്നാലെ കാലിക്കറ്റ് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റും നിയന്ത്രണത്തിലാക്കാന്‍ സര്‍ക്കാര്‍ നീക്കം ഊര്‍ജ്ജിതമാക്കി. നാമനിര്‍ദ്ദേശം ചെയ്യാനുള്ള അംഗങ്ങളുടെ പട്ടിക ഇതിനോടകം തയ്യാറായി കഴിഞ്ഞു. എന്നാല്‍ സര്‍വ്വകലാശാല ചട്ടം ഉയര്‍ത്തി നീക്കത്തെ പ്രതിരോധിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.
ഇരുപത്തിയാറ് അംഗ സിന്‍ഡിക്കേറ്റാണ് കാലിക്കറ്റ് സര്‍വ്വകലാശാലയുടേത്. ഇതില്‍ ആറ് അംഗങ്ങള്‍ അതാത് സര്‍ക്കാരുകള്‍ നാമം നിര്‍ദ്ദേശം ചെയ്യുന്നവരാണ്. നിലവില്‍ കഴിഞ്ഞ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത ആറുപേരെ നീക്കി പുതിയ ആളുകളെ നിയമിക്കാനുള്ള പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി കഴിഞ്ഞു. അഞ്ച് സിപിഎം അംഗങ്ങളേയും ഒരു സിപിഐ പ്രതിനിധിയേയുമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ മൂന്ന് പ്രതിനിധികള്‍ സിപിഎമ്മിന് സിന്‍ഡിക്കേറ്റിലുണ്ട്. ഡിപിഐ, കോളേജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍, ഹയര്‍ എഡ്യൂക്കേഷന്‍ മെബര്‍ സെക്രട്ടറി തുടങ്ങി സര്‍ക്കാര്‍ പദവികള്‍ അലങ്കരിക്കുന്നവരുടെ പിന്തുണകൂടി ഉറപ്പിക്കുന്നതോടെ സിന്‍ഡിക്കേറ്റില്‍ ഭൂരിപക്ഷം ഇടതിന് കിട്ടും. എന്നാല്‍ സിന്‍ഡിക്കേറ്റിന്‍റെ കാലാവധി നാല് വര്‍ഷമായി നിശ്ചയിച്ചിരിക്കുന്നതിനാല്‍ നിയമപരമായി സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്നാണ് പ്രതിപക്ഷ അംഗങ്ങളുടെ വാദം.
എം ജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിലുള്ള കോടതി നിലപാടും നിര്‍ണ്ണായകമാകും.അതേസമയം ഇതിനോടകം ചേരാനുദ്ദേശിച്ചിരുന്ന സിന്‍ഡിക്കേറ്റ് സെനറ്റ് യോഗങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് പലവട്ടം മാറ്റിവയ്പിച്ചുവെന്ന പരാതിയും ഉയരുന്നുണ്ട്. സര്‍ക്കാര്‍ നീക്കത്തെ ചെറുക്കാന്‍ എംജി മോഡലില്‍ കോടതിയെ സമീപിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
