ഷണ്ഡന്‍ എന്ന വിളിക്കുന്നത് അധിക്ഷേപപരമാണെന്നും പ്രഥമദൃഷ്ട്യാ കേസ് എടുക്കാവുന്ന കുറ്റമാണെന്നും ജസ്റ്റിസ് എസ്.ബി. ശുക്രയുടെ വിധിയില്‍ പറയുന്നു
മുംബെെ: ഒരു പുരുഷനെ 'ഷണ്ഡന്‍' എന്ന് വിളിക്കുന്നത് അപകീര്‍ത്തിപരമായ പരാമര്‍ശമാണെന്ന് ബോംബെ ഹെെക്കോടതി. തന്നെ അപകീര്‍ത്തിപ്പെടുത്തിയതായി കാണിച്ച് ഭര്‍ത്താവ് നല്‍കിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് ബോംബെ ഹെെക്കോടതിയുടെ നിരീക്ഷണം.
ഷണ്ഡന്‍ എന്ന വിളിക്കുന്നത് അധിക്ഷേപപരമാണെന്നും പ്രഥമദൃഷ്ട്യാ കേസ് എടുക്കാവുന്ന കുറ്റമാണെന്നും ജസ്റ്റിസ് എസ്.ബി. ശുക്രയുടെ വിധിയില്‍ പറയുന്നു. വിവാഹബന്ധത്തിലെ പ്രശ്നങ്ങള്‍ മൂലം 2016ല്‍ യുവതി വിവാഹമോചന ഹര്‍ജി നല്‍കിയതാണ് വിഷയങ്ങളുടെ തുടക്കം. ഈ കേസില്‍ മകളെ അച്ഛനൊപ്പം വിടാനായിരുന്നു കുടുംബ കോടതിയുടെ ഉത്തരവ്.
ഇതിനെതിരെ ഹെെക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഭര്‍ത്താവിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുണ്ടായത്. ഇതോടെ ഭര്‍ത്താവ് മാനനഷ്ട കേസ് നല്‍കുകയായിരുന്നു. ഇതില്‍ കോടതി ഉത്തരവ് പ്രകാരം യുവതിക്കെതിരെ ഐപിസി 500,506 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
ഈ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ബോംബെെ ഹെെക്കോടതിയെ സമീപിച്ചപ്പോഴാണ് പുരുഷനെ ഷണ്ഡന്‍ എന്ന് വിളിക്കുന്നത് അപകീര്‍ത്തിപരമായ പരമാര്‍ശമാണെന്ന വിധി വന്നിരിക്കുന്നത്.
മകള്‍ പിറന്നത് ചികിത്സയിലൂടെയാണെന്ന് കോടതിയെ അറിയിച്ച യുവതി ഭര്‍ത്താവിന്‍റെ ലെെംഗിക ശേഷിയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കാമെന്ന് പറഞ്ഞെങ്കിലും കോടതി അതും കണക്കിലെടുത്തില്ല. ഭര്‍ത്താവിന്‍റെ ലെെംഗിക ശേഷിയെപ്പറ്റി ഭാര്യ നടത്തിയ ആരോപണം ജീവിതകാലം മുഴുവന്‍ വേട്ടയാടപ്പെടുമെന്ന് കോടതി നിരീക്ഷിച്ചു. കേസ് റദ്ദാക്കണമെന്ന യുവതിയുടെ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.
