യൂണിഫോമിനെതിരെ സ്കൂളിന് പുറത്തുള്ളവര്‍ രംഗത്ത് വരുന്നത് ആസൂത്രിതമാണെന്നാണ് ആരോപണം

കൊല്ലം:യൂണിഫോമിന്‍റെ പേരില്‍ കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്കൂളില്‍ ആക്രമണം നടത്തിയ ക്യാമ്പസ് ഫ്രണ്ടിനെതിരെ രക്ഷിതാക്കള്‍. പല തവണ ചര്‍ച്ച നടത്തി തീരുമാനിച്ച യൂണിഫോമിനെതിരെ സ്കൂളിന് പുറത്തുള്ളവര്‍ രംഗത്ത് വരുന്നത് ആസൂത്രിതമാണെന്നാണ് ആരോപണം. സ്കൂളിലെ യൂണിഫോം പാവാടയും ഉടുപ്പുമാക്കിയതിനെതിരെയാണ് തിങ്കളാഴ്ച ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്കൂളിന് നേര്‍ക്ക് ആക്രമണം നടത്തിയത്. 

ആക്രമണത്തില്‍ സ്കൂളില്‍ വലിയ നാശനഷ്ടമുണ്ടായി. രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ത്ഥി പ്രതിനിധികളും ചേര്‍ന്ന് പലവട്ടം ചര്‍ച്ച നടത്തിയ ശേഷം നിശ്ചയിച്ച യൂണിഫോമിന്‍റെ പേരില്‍ പുറത്തുനിന്നുള്ളവര്‍ നടത്തിയ അക്രമത്തില്‍ രക്ഷിതാക്കള്‍ പ്രതിഷേധത്തിലാണ് വിദ്യാര്‍ത്ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ഒരെതിര്‍പ്പും ഉന്നയിക്കാതിരുന്ന ക്യാമ്പസ് ഫ്രണ്ട് പൊടുന്നനെ അക്രമം നടത്തിയതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. സ്കൂള്‍ ആക്രമണത്തിനെതിരെ കരുനാഗപ്പള്ളിയില്‍ പ്രതിഷേധം തുടരുകയാണ്. സംഭവത്തില്‍ പിടിയിലാകാനുള്ള 15 കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.