തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ മുഴുവൻ വിവരാവകാശ നിയമപ്രകാരം പുറത്ത് വിടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൽകാനാകാത്തതും നൽകിക്കൂടാത്തതുമായ വിവരങ്ങൾ ഉണ്ട്. ചില തീരുമാനങ്ങൾ നടപ്പാക്കും മുൻപ് പുറത്തുവിട്ടാൽ നിരർഥകമാകും. വ്യക്തിപരമായ ദുരുദ്ദേശ്യങ്ങൾക്കായി വിവരാവകാശ നിയമം ഉപയോഗിക്കരുത്.

വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയണം. വെളിപ്പെടുത്താൻ പറയുന്ന വിവരങ്ങൾക്ക് വിവേചനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകുന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കെയാണ് മുഖ്യമന്ത്രിയും മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിൻസൻ എം പോളും ഒരു വേദിയിലെത്തിയത്.

വിവരാവകാശ നിയമത്തെ വ്യക്തിപരമായ ദുരുദ്ദേശങ്ങൾക്ക് ഉപയോഗിക്കുന്ന ചിലരുണ്ട്. ഇവര്‍ കാരണം പൊതുജനങ്ങൾക്ക് അറിയാനുള്ള അവകാശം നിഷേധിക്കപ്പെടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം പൊതുജനങ്ങൾക്ക് വിവരം നൽകാൻ വിമുഖത കാണിക്കുന്നവരാണെന്ന് മുഖ്യ വിവരാവകാശ കമ്മീഷണർ വിൻസൻ എം പോൾ പറഞ്ഞു. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് വിവരങ്ങൾ അപ്പപ്പോൾ ലഭ്യമാക്കുന്ന ഓണ്‍ലൈൻ സംവിധാനം ഉടൻ വരുമെന്ന് വിൻസൻ എം പോൾ വ്യക്തമാക്കി.

വിവരാവകാശ കമ്മീഷണര്‍ എന്ന നിലയില്‍ വിൻസൻ എം പോൾ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് കമ്മീഷണര്‍മാരുടെ ഒഴിവ് നികത്താൻ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.