യുദ്ധമുഖത്തേക്ക് സ്ത്രീകളെ കൊണ്ടുവന്നാല്‍ വസ്ത്രം മാറുമ്പോള്‍ ജവാന്‍മാര്‍ ഒളിഞ്ഞു നോക്കിയെന്ന് പരാതി പറയുമെന്ന വിവാദ പരാമര്‍ശവുമായി കരസേന മേധാവി ബിബിന്‍ റാവത്ത്. സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സ്ത്രീകളുടെ യുദ്ധരംഗത്തെ പ്രാതിനിധ്യത്തെ കുറിച്ച് പറഞ്ഞത്. 

ദില്ലി: യുദ്ധമുഖത്തേക്ക് സ്ത്രീകളെ കൊണ്ടുവന്നാല്‍ വസ്ത്രം മാറുമ്പോള്‍ ജവാന്‍മാര്‍ ഒളിഞ്ഞു നോക്കിയെന്ന് പരാതി പറയുമെന്ന വിവാദ പരാമര്‍ശവുമായി കരസേന മേധാവി ബിബിന്‍ റാവത്ത്. സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സ്ത്രീകളുടെ യുദ്ധരംഗത്തെ പ്രാതിനിധ്യത്തെ കുറിച്ച് പറഞ്ഞത്. യുദ്ധരംഗത്ത് പ്രത്യേകം വസ്ത്രം മാറാനുള്ള സൗകര്യങ്ങളോ മറ്റ് സൗകര്യങ്ങളോ ഉണ്ടാവില്ല. അത് ഒരുക്കാനും സാധിക്കില്ല. വസ്ത്രം മാറുമ്പോള്‍ ജവാന്‍മാര്‍ ഒളിഞ്ഞ് നോക്കി എന്ന പരാതികള്‍ ഉയര്‍ന്നാല്‍ അതിന് വേറെ സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടി വരും. യുദ്ധരംഗത്ത് ഇതൊന്നും പ്രായോഗികമല്ല- ബിബിന്‍ റാവത്ത് പറഞ്ഞു.

യുദ്ധമുഖത്തേക്ക് സ്ത്രീകളെ കൊണ്ടുവരുന്നതിന് നിരവധി തടസങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം സ്ത്രീകള്‍ക്ക് ആറ് മാസം പ്രസവാവധി നല്‍കേണ്ടി വരുമെന്നും അത് പ്രശ്നമാണെന്നും പറഞ്ഞു. ഒരു കമാന്‍റിങ് ഓഫീസറായ സ്ത്രീക്ക് ഒരിക്കലും ആറ് മാസം അവധി കൊടുക്കാനാവില്ല. അത് അവരുടെ അവകാശവുമാണ്, അത്തരം സാഹചര്യത്തില്‍ എന്ത് ചെയ്യും? അത് മാത്രമല്ല കാര്യം, ഒരു വനിതാ ഉദ്യോഗസ്ഥ തങ്ങളെ നയിക്കുന്നത് ജവാന്‍മാര്‍ താല്‍പ്പര്യപ്പെട്ടെന്ന് വരില്ലെന്നും അദ്ദേഹം പറഞ്ഞു.

സൈന്യത്തില്‍ മിടുക്കികളായ വനിതകള്‍ ഉണ്ടായിട്ടും അവര്‍ക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ല എന്നത് തികച്ചും തെറ്റായ ധാരണയാണെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തില്‍ മികച്ച ഓഫീസര്‍മാരുണ്ട്. എഞ്ചിനിയര്‍മാരും മറ്റു വിഭാഗങ്ങളിലുമായി നിരവധി പേരുണ്ട്. എയര്‍ ഡിഫന്‍സിന്‍റെ കാര്യത്തില്‍ ആയുധ കാര്യങ്ങളടക്കം കൈകാര്യം ചെയ്യുന്നത് വനിതാ ഓഫീസര്‍മാരാണ്. അതേസമയം യുദ്ധമുഖത്തേക്ക് അവരെ കൊണ്ടുവരുന്നത് പ്രായോഗികമല്ല.

കശ്മീര്‍ പോലെ ഏറ്റുമുട്ടലുകള്‍ നടക്കുന്ന ഇടങ്ങളില്‍ അവരെ നിയോഗിച്ചാല്‍ വലിയ ആക്രമണങ്ങള്‍ നേരിടേണ്ടി വരും. വെടിവെപ്പുകളും സ്ഫോടനങ്ങളെയും നേരിടേണ്ടി വരും. കമാന്‍റിങ് ഓഫീസറടക്കമുള്ളവര്‍ കൊല്ലപ്പെടാം. ഒരു വനിതാ കമാന്‍റിങ് ഓഫീസര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്താല്‍, ഒന്നോ രണ്ടോ വയസ് മാത്രം പ്രായമുള്ള കുട്ടികള്‍ ഉള്ളവരാണെങ്കില്‍ അത് അവരെ ബാധിക്കും. ഏറ്റുമുട്ടലില്‍ ഒരു വനിതാ ഉദ്യോഗസ്ഥ കൊല്ലപ്പെട്ട് അവരുടെ മൃതദേഹം പൊതിഞ്ഞ് കൊണ്ടുവരുന്ന കാഴ്ച രാജ്യം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.