ഒറ്റാവ: ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി വനിതാ മന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ച കനേഡിയന്‍ എംപിയ്ക്ക് ചുട്ട മറുപടി നല്‍കി കാനഡാ പരിസ്ഥിതി മന്ത്രി. കനേഡിയന്‍ വനിതാ മന്ത്രി മക് കെന്നയെ 'കാലാവസ്ഥാ സുന്ദരി' എന്ന് പരിഹസിച്ച് കണ്‍സര്‍വേറ്റീവ് എംപി ഗെരി റിറ്റ്‌സാണ് പുലിവാല്‍ പിടിച്ചത്. 

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഓണ്‍ലൈന്‍ റിപ്പോര്‍ക്ക് നല്‍കുമ്പോള്‍ നടത്തിയ പരാമര്‍ശത്തിന് മന്ത്രി തന്നെ അതേരീതിയില്‍ തിരിച്ചടി നല്‍കിയതിന് പിന്നാലെ മറ്റുള്ളവര്‍ കൂടി ഏറ്റെടുത്തതോടെ എംപി മാപ്പു പറഞ്ഞ് തടിയൂരി. പാരീസ് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് മന്ത്രി ട്വിറ്ററില്‍ ഇട്ട റിപ്പോര്‍ട്ടിന് മേലായിരുന്നു എംപിയുടെ കളി. 

എന്നാല്‍ 'ക്‌ളൈമറ്റ് ബാര്‍ബി' എന്ന തമാശ കലര്‍ന്ന പരിഹാസം ലിംഗപരമായ രീതിയില്‍ ആള്‍ക്കാര്‍ എടുക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോയി. എം പി പിന്നീട് ട്വീറ്റ് ഡിലീറ്റു ചെയ്തു. മന്ത്രി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ‘‘ക്ളൈമറ്റ് ബാര്‍ബി’’ എന്ന പരാമര്‍ശമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ''ഇത്തരം ലൈംഗിക പരാമര്‍ശങ്ങള്‍ സ്വന്തം അമ്മയോടും പെങ്ങമ്മാരോടും രക്തത്തില്‍ പിറന്ന മകളോടും ചോദിക്കാറുണ്ടോ? '' എന്നായിരുന്നു മന്ത്രിയുടെ തിരിച്ചടി. 

നിങ്ങളുടെ അശ്ലീല കമന്‍റുകള്‍ക്കൊന്നും ഞങ്ങളെ തടയാനാകില്ലെന്നും രാഷ്ട്രീയത്തിലേക്ക് ഇനിയും നമുക്ക് സ്ത്രീകളെ ആവശ്യമുണ്ടെന്നും അവര്‍ പറഞ്ഞു. ഇത്തരം അവഗണനകള്‍ക്ക് കനേഡിയന്‍ രാഷ്ട്രീയത്തില്‍ സ്ഥാനമില്ലെന്നായിരുന്നു പാര്‍ലമെന്റില്‍ സഭാ തലവന്‍ ബര്‍ദിഷ് ചാഗറിന്‍റെ പ്രതികരണം. 

ലൈംഗികാധിക്ഷേപം ഒരിക്കലും അനുവദിക്കാനാകില്ലെന്ന് പൈതൃകമന്ത്രി മെലാനി ജോളിയും പറഞ്ഞു. സസ്‌കാച്ചിവന്‍ പ്രവിശ്യയെയാണ് റിറ്റ്‌സ് പ്രതിനിധീകരിക്കുന്നത്. രണ്ടു ദശാബ്ദത്തിന് ശേഷം താന്‍ രാഷ്ട്രീയം വിടുമെന്ന് ഇയാള്‍ അടുത്ത കാലത്താണ് പ്രഖ്യാപിച്ചത്.