ടൊറാന്റോ: കാനഡയില്‍ കാട്ടുതീ നാശംവിതച്ച പ്രദേശങ്ങള്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സന്ദര്‍ശിച്ചു. കാട്ടുതീയുടെ ശക്തി ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കാട്ടുതീ പടര്‍ന്ന് പിടിച്ച് രണ്ടാഴ്ചക്ക് ശേഷമാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ട്രുഡോ ഫോര്‍ട്ട് മക്‌മെറി സംഭവ സ്ഥലം സന്ദര്‍ശിക്കുന്നത്.
പ്രധാനമന്ത്രി സ്ഥലത്ത് എത്താതിരുന്നതിനെച്ചൊല്ലി ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചത്താലത്തിലാണ് ട്രുഡോയുടെ സന്ദര്‍ശനം. ട്രൂഡോയുടെ പാര്‍ട്ടിക്ക് വലിയ സ്വാധീനമില്ലാത്ത പ്രദേശമായതുകൊണ്ടാണ് പ്രധാനമന്ത്രി സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിക്കാത്തത് എന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കും എന്നതിനാലാണ് സ്ഥലം സന്ദര്‍ശിക്കാത്തത് എന്ന നിലപാടിലായിരുന്നു പ്രധാനമന്ത്രി.
സ്ഥലത്തെത്തിയ ജസ്റ്റിന്‍ ട്രൂഡോ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. 88,000ത്തിലേറെ പേരെ പ്രദേശത്ത് നിന്ന് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. കാട്ടുതീയുടെ ശക്തി ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. 2410 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് ഇപ്പോള്‍ കാട്ടു തീ പടര്‍ന്നിരിക്കുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
താത്കാലിക കേന്ദ്രങ്ങളില്‍ കഴിയുന്നവരെ തിരികെ വീടുകളിലെത്തിക്കാന്‍ ഇനിയും രണ്ടാഴ്ചകൂടി എടുക്കുമെന്നാണ് വിലയിരുത്തല്‍. കാനഡയുടെ ചരിത്രത്തില്‍ ഏറ്റവും നാശം വിതച്ച കാട്ടുതീയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പദ് വ്യവസ്ഥക്കും കാട്ടുതീ കനത്ത ആഘാതമാണ് ഏല്‍പിച്ചിരിക്കുന്നത്.
