കേരളത്തിലെ പ്രളയ ദുരന്തത്തെ സഹാനുഭൂതിയോടെ ആദ്യം സമീപിച്ചത് ഗള്‍ഫ് രാജ്യങ്ങളായിരുന്നു. 

കേരള ചരിത്രത്തിലെ ഏക്കാലത്തെയും വലിയ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന മലയാളികള്‍ക്ക് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സന്ദേശം. 'ദാരുണമായ വാര്‍ത്തയാണ് കേരളത്തില്‍ നിന്ന് കേള്‍ക്കുന്നത്. പ്രളയത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പ്രളയം ബാധിച്ച എല്ലാവര്‍ക്കുമൊപ്പമുണ്ട് ഞങ്ങള്‍.' കാനഡ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 

കേരളത്തിലെ പ്രളയ ദുരന്തത്തെ സഹാനുഭൂതിയോടെ ആദ്യം സമീപിച്ചത് ഗള്‍ഫ് രാജ്യങ്ങളായിരുന്നു. ദുരന്തത്തിന്‍റെ തീവ്രതയുടെ ചിത്രം തെളിഞ്ഞതോടെ യുഎഇ ഭരണാധികാരി ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കേരളത്തിനുള്ള സഹായാഭ്യര്‍ഥനയുമായി എത്തി. കേരളം പ്രളയത്തിലൂടെ കടന്നുപോവുകയാണെന്നും പുണ്യമാസത്തില്‍ ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് സഹായഹസ്തം നീട്ടാന്‍ മറക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അടിയന്തര സഹായം നല്‍കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Scroll to load tweet…

കേരളത്തിലെ പ്രളയദുരന്തത്തിന്‍റെ ഇരകള്‍ക്ക് സഹായം എത്തിക്കാന്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന് നിര്‍ദേശം നല്‍കിയിരുന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അള്‍ത്താനി 35 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ കാസിമി 4 കോടി രൂപ പ്രഖ്യാപിച്ചു. കേരളത്തിന്‍റെ പ്രളയക്കെടുതിയില്‍ കൈത്താങ്ങാവാന്‍ ഐക്യരാഷ്ട്ര സംഘടനയും മുന്നോട്ടുവന്നിട്ടുണ്ട്. പ്രളയ ബാധിതരുടെ പുനരധിവാസത്തിനാണ് യുഎന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.