തിരുവനന്തപുരം: മാനവിക വിഷയങ്ങള്‍ക്കുള്ള നെറ്റ്(നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷാ നടത്തിപ്പ് പരീക്ഷാര്‍ത്ഥികളെ ശരിക്കും വലച്ചു. പരീക്ഷാ നടത്തിപ്പിലെ പുതിയ പരിഷ്‌ക്കാരങ്ങളാണ് പരീക്ഷാര്‍ത്ഥികള്‍ക്ക് അഗ്നിപരീക്ഷയായത്. രാവിലെ ഒമ്പതരയ്‌ക്ക് തുടങ്ങുന്ന പരീക്ഷയ്‌ക്കു വേണ്ടി രണ്ടര മണിക്കൂര്‍ മുമ്പേ പരീക്ഷാ ഹാളില്‍ എത്തണമെന്ന നിര്‍ദ്ദേശമാണ് പരീക്ഷ എഴുതുന്നവരെ ബുദ്ധിമുട്ടിച്ചത്. അതിനുശേഷം പരീക്ഷാ കേന്ദ്രങ്ങളിലെ നടപടിക്രമങ്ങളും പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ ശരിക്കും വലച്ചു. ദൂര സ്ഥലങ്ങളില്‍നിന്നുള്ളവര്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള തരത്തില്‍ പ്രധാന നഗരങ്ങളില്‍നിന്ന് ദൂരെയായിരുന്നു പരീക്ഷാ കേന്ദ്രങ്ങള്‍‍. പെണ്‍കുട്ടികളെയാണ് ഇത് ശരിക്കും വലച്ചത്. ഉദാഹരണത്തിന് പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിലുള്ളവര്‍ തിരുവനന്തപുരം കേന്ദ്രം വെച്ചെങ്കിലും, അവിടെ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള നെയ്യാറ്റിന്‍കര പോലെയുള്ള സ്ഥലങ്ങളിലെ സ്‌കൂളുകളിലാണ് പരീക്ഷാകേന്ദ്രം അനുവദിച്ചുനല്‍കിയത്. തിരുവനന്തപുരം നഗരത്തില്‍ ഉള്ളവര്‍ക്ക് പോലും ഏഴു മണിക്ക് നെയ്യാറ്റിന്‍കര എത്തണമെങ്കില്‍ പുലര്‍ച്ചെ വീട്ടില്‍നിന്ന് പുറപ്പെടേണ്ട അവസ്ഥയാണുണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ മറ്റു ജില്ലകളില്‍നിന്ന് എത്തിയവര്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു. അതേസമയം പരീക്ഷയില്‍ ക്രമക്കേടും മറ്റും ഒഴിവാക്കുന്നതിനുവേണ്ടി കര്‍ശന പരിശോധനകള്‍ക്കുമായാണ് രണ്ടരമണിക്കൂര്‍ മുമ്പ് ഹാളില്‍ എത്തണമെന്ന നിര്‍ദ്ദേശം വെച്ചതെന്ന് പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന സിബിഎസ്ഇ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

പരീക്ഷാര്‍ത്ഥികളോ അതോ തീവ്രവാദികളോ?

തലേദിവസമേ പരീക്ഷാ സെന്ററുകളില്‍ എത്തിയവരെ കടുത്ത പരിശോധനകള്‍ക്കു ശേഷമാണ് ഹാളിലേക്ക് കടത്തിവിട്ടത്. ഏറെ നേരം ക്യൂവില്‍ നിര്‍ത്തിയ ശേഷം വിശദമായ പരിശോധനകള്‍ നടത്തിയാണ് പരീക്ഷ എഴുതാന്‍ എത്തിയവരെ ഹാളിലേക്ക് കടത്തിയത്. പരീക്ഷാര്‍ത്ഥികള്‍ക്ക് ഭക്ഷണം കഴിക്കാനോ മറ്റു പ്രാഥമിക ആവശ്യങ്ങള്‍ക്കോ പല സെന്ററുകളിലും മതിയായ സൗകര്യം ഏര്‍പ്പെടുത്തിയില്ലയെന്നും ആക്ഷേപമുണ്ട്. നെയ്യാറ്റിന്‍കരയിലെ പരീക്ഷാ കേന്ദ്രത്തില്‍വെച്ച് ഏഴുമണിക്ക് മുമ്പ് ഭക്ഷണം കഴിക്കാന്‍ ഒരുങ്ങിയവരെ അതിന് അനുവദിച്ചത് പോലുമില്ലെന്ന് പരീക്ഷാര്‍ത്ഥികള്‍ പറയുന്നു. പരീക്ഷ എഴുതേണ്ടവര്‍ക്കൊപ്പം എത്തിയ പ്രായമായ രക്ഷിതാക്കള്‍ക്കും ഏറെ ദുഷ്‌ക്കരമായ അവസ്ഥയാണ് നേരിടേണ്ടി വന്നത്. മഴസമയത്ത് പ്രായമായ രക്ഷിതാക്കളെ ഗേറ്റിന് പുറത്താക്കി. കൈക്കുഞ്ഞുങ്ങളുമായി എത്തിയവരും നന്നേ ബുദ്ധിമുട്ടി. സാധാരണഗതിയില്‍ ഇത്തരം പരീക്ഷകള്‍ക്ക് മല്‍സരാര്‍ത്ഥികള്‍ക്കൊപ്പം എത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ ഒരു മുറി നല്‍കാറുണ്ട്. എന്നാല്‍ ഇവിടെ അതുണ്ടായില്ല. പ്രാഥമികാവശ്യങ്ങള്‍ക്കും മതിയായ സൗകര്യങ്ങള്‍ ഇല്ലായിരുന്നു. കൂടാതെ വൃത്തിഹീനമായ ശുചിമുറികളില്‍ പോകാന്‍ പലരും മടിച്ചു. ഏറെക്കാലത്തെ തയ്യാറെടുപ്പിന് ശേഷം പരീക്ഷ എഴുതാന്‍ എത്തുന്നവരെ മാനസികമായി തളര്‍ത്തുന്ന നടപടികളാണ് പരീക്ഷാ നടത്തിപ്പിന് എത്തിയ ഉദ്യോഗസ്ഥര്‍ കാട്ടിയതെന്നും മല്‍സരാര്‍ത്ഥികള്‍ ആരോപിക്കുന്നു. തീവ്രവാദികളോടും കൊടുംകുറ്റവാളികളോടുമെന്ന പോലെയായിരുന്നു അധികൃതരുടെ പെരുമാറ്റമെന്നും ഒരു പരീക്ഷാര്‍ത്ഥി പറഞ്ഞു.

തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങള്‍

പരീക്ഷയ്‌ക്ക് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തപ്പോഴാണ് രണ്ടര മണിക്കൂര്‍ മുമ്പ് ഹാളില്‍ എത്തണമെന്ന നിര്‍ദ്ദേശം മല്‍സരാര്‍ത്ഥികള്‍ അറിയുന്നത് തന്നെ. മുന്‍കാലങ്ങളില്‍ നെറ്റ് പരീക്ഷയ്‌ക്ക് അരമണിക്കൂര്‍ മുമ്പ് മാത്രം പരീക്ഷാ ഹാളില്‍ കയറിയാല്‍ മതിയായിരുന്നു. എന്നാല്‍ പുതിയ പരിഷ്‌ക്കാരത്തിനെതിരെ കടുത്ത പ്രതിഷേധവുമായി എസ്എഫ്ഐ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രക്ഷോഭങ്ങളും മാധ്യമവാര്‍ത്തകളും പരീക്ഷ നടത്തിയ സിബിഎസ്ഇ മുഖവിലയ്‌ക്കെടുത്തില്ല. ചേര്‍ത്തല സ്വദേശിനിയായ ഒരു മല്‍സരാര്‍ത്ഥി കഴിഞ്ഞ ദിവസം ഈ വിഷയം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പരീക്ഷ സുതാര്യമായി നടത്താന്‍ കര്‍ശന പരിശോധനകള്‍ക്കും നടപടിക്രമങ്ങള്‍ക്കും മതിയായ സമയം വേണമെന്ന സിബിഎസ്ഇ അധികൃതരുടെ വാദം മുഖവിലയ്‌ക്കെടുത്താണ് കോടതി ഹര്‍ജി തള്ളിയത്.

സിബിഎസ്‌ഇ അധികൃതരുടെ വിശദീകരണം

മാനവിക വിഷയങ്ങള്‍ക്കുള്ള നെറ്റ് പരീക്ഷ മുന്‍കാലങ്ങളില്‍ നടത്തിയിരുന്നത് യുജിസി നേരിട്ടും രാജ്യത്തെ സര്‍വ്വകലാശാലകളും ചേര്‍ന്നുമായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു തവണയായി(2014 ഡിസംബര്‍, 2015 ജൂണ്‍, 2015 ഡിസംബര്‍) സിബിഎസ്ഇ ആണ് പരീക്ഷ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയുടെ നടത്തിപ്പുകാരായിരുന്ന സിബിഎസ്ഇയ്‌ക്ക് ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഉള്‍പ്പടെ വലിയ തോതിലുള്ള പഴി കേള്‍ക്കേണ്ടി വന്നിരുന്നു. കൂടാതെ പരീക്ഷ വീണ്ടും നടത്തിയതുമൂലം ലക്ഷങ്ങളുടെ നഷ്‌ടവും സിബിഎസ്‌ഇയ്‌ക്ക് ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പരീക്ഷാര്‍ത്ഥികള്‍ക്ക് ശിരോവസ്‌ത്രം പോലും അനുവദിക്കാതിരുന്നതും മെറ്റല്‍ ഡിറ്റക്‌ടര്‍ ഉപയോഗിച്ചുള്ള പരിശോധനകളും വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്, ഇനി മുതല്‍ നടത്തുന്ന പരീക്ഷകള്‍ക്ക് കര്‍ക്കശ പരിശോധനകള്‍ നിര്‍ബന്ധമാക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചത്. ഇന്നു നടന്ന മാനവിക വിഷയങ്ങള്‍ക്കുള്ള നെറ്റ് പരീക്ഷയ്‌ക്കുവേണ്ടി കര്‍ക്കശ പരിശോധനകളാണ് സിബിഎസ്ഇ നടത്തിയത്. എന്നാല്‍ ഇത് പരീക്ഷാര്‍ത്ഥികളെ ശരിക്കും ബുദ്ധിമുട്ടിക്കുകയായിരുന്നു. ഭാവിയില്‍ പരീക്ഷ എഴുതുന്നവരെ ബുദ്ധിമുട്ടിക്കാതെ പരീക്ഷാ നടത്താന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് പരീക്ഷാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്.