മാർപ്പാപ്പയുടെ ഓഫീസ് സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് അന്വേഷണത്തിന്‍റെ ഫലത്തിനായ് കാത്തിരിക്കുകയാണെന്നും വത്തിക്കാൻ കർദിനാളുമാരെ അറിയിച്ചിട്ടുണ്ട്

റോം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായതിന് ശേഷം ഇന്ത്യയിലെ കർദ്ദിനാളുമാര്‍ റോമിൽ സഭാ നേതൃത്വവുമായി ചർച്ച നടത്തി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റിന് ശേഷമുള്ള സാഹചര്യം ഇന്ത്യന്‍ കര്‍ദിനാളുമാര്‍ വത്തിക്കാനെ ബോധിപ്പിച്ചു.

മാർപ്പാപ്പയുടെ ഓഫീസ് സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് അന്വേഷണത്തിന്‍റെ ഫലത്തിനായ് കാത്തിരിക്കുകയാണെന്നും വത്തിക്കാൻ കർദിനാളുമാരെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ജുഡീഷ്യൽ സംവിധാനത്തിൽ പൂർണ്ണവിശ്വാസമാണെന്നാണ് കർദ്ദിനാൾമാർ അറിയിച്ചത്.

അതേസമയം, ബലാത്സംഗ കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ റിമാന്‍ഡ് ഈ മാസം 20 വരെ നീട്ടിയിരിക്കുകയാണ്. ജാമ്യാപേക്ഷയുപമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് ബിഷപ്പിന്‍റെ തീരുമാനം. ഹൈക്കോടതി നേരത്തെ ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

എന്നാല്‍, അറസ്റ്റിന് ശേഷവും കെസിബിസിയുടേത് സമദൂര നിലപാടാണ്. സത്യം ആരുടെ ഭാഗത്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. കന്യാസ്ത്രീയോടോ, ബിഷപ്പിനോടോ പക്ഷപാതം കാണിച്ചിട്ടില്ലെന്നും കെസിബിസി വ്യക്തമാക്കി.