
കോട്ടയം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ്(86) അന്തരിച്ചു. പ്രശസ്തമായ ബോബനും മോളിയും എന്ന കാര്‍ട്ടൂണിന്റെ സൃഷ്ടാവാണ്. ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്നു. ബുധനാഴ്‌ച രാത്രി 10.45ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ടോംസിന്റെ അന്ത്യം സ്ഥിരീകരിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഏറെക്കാലമായി വീട്ടില്‍ കഴിഞ്ഞിരുന്ന ടോംസിനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത ആക്ഷേപഹാസ്യ കാര്‍ട്ടൂണുകളുടെ സ്രഷ്‌ടാവായിരുന്ന ടോംസിന്റെ യഥാര്‍ത്ഥ പേര് വി.ടി. തോമസ് എന്നാണ്. 1929ല്‍ കുട്ടനാട്ടില്‍ വി ടി കുഞ്ഞിത്തൊമ്മന്റെയും സിസിലിയുടെയും മകനായാണ് ടോംസ് ജനിച്ചത്. 1961ലാണ് കാര്‍ട്ടൂണിസ്റ്റായി ജോലി തുടങ്ങിയത്. മനോരമയിലാണ് അദ്ദേഹം ജോലി ചെയ്‌തിരുന്നത്. 1987ല്‍ മനോരമയില്‍നിന്ന് വിരമിച്ചു. മനോരമ വാരികയിലൂടെ വര്‍ഷങ്ങളോളം ടോംസ് ബോബനും മോളിയും വരച്ചു. അയല്‍വക്കത്തെ രണ്ടു കുട്ടികളിലൂടെ ആക്ഷേപഹാസ്യത്തിന്റെ പുതിയ മാനങ്ങള്‍ മലയാളിക്ക് കാട്ടിക്കൊടുത്ത കലാകാരനായിരുന്നു ടോംസ്. ആനുകാലികസംഭവങ്ങളെ അനുവാചകനില്‍ ഒട്ടും മുഷിച്ചില്‍ ഉണ്ടാക്കാതെ കാലത്തെ അതിജീവിക്കുന്ന സൃഷ്‌ടികളാണ് ടോംസില്‍നിന്ന് പിറവിയെടുത്തത്.
കേസില്ലാ വക്കീലായ അച്ഛന്‍ പോത്തന്‍, അമ് മറിയ, മറ്റു കഥാപാത്രങ്ങളായ അപ്പിഹിപ്പി, കുഞ്ചുക്കുറുപ്പ്, ഉണ്ണിക്കുട്ടന്‍, പഞ്ചായത്ത് പ്രസിഡന്റ് ഇട്ടുണ്ണന്‍, ചേടത്തി, നേതാവ് തുടങ്ങിയ മലയാളിയുടെ മനംകവര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ ടോംസിന്റെ വരകളിലൂടെ ജനിച്ചു.
ടോംസിന്റെ മൃതദേഹം ഇപ്പോള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌ക്കാരം ഞായറാഴ്‌ച കോട്ടയം ലൂര്‍ദ് ഫൊറാന പള്ളിയില്‍ നടക്കും.
