രാമനവമി ആഘോഷത്തിനിടെ വില്ല് എടുത്ത ബിജെപി നേതാവിനെതിരെ കേസ്

First Published 27, Mar 2018, 9:18 AM IST
case against bjp chief of bengal for wielding bow and arrow at Ram Navami rally
Highlights
  • ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരെയാണ് കേസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രാമനവമി ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ മരിച്ചതിന് പിന്നാലെ ആയുധമേന്തിയുള്ള റാലിയ്ക്ക് നേതൃത്വം നല്‍കിയ ബിജെപി നേതാവിനെതിരെ കേസ്. ബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിനെതിരെയാണ് പരിപാടിയ്ക്കിടെ വില്ല് എടുത്തതിന് കേസ് റെജിസ്റ്റര്‍ ചെയ്തത്. 

ആംസ് ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഘോഷിനെതിരെ കേസ് എടുത്തിരിക്കുന്നത്. സര്‍ക്കാരിന്‍റെ അനുമതി നേടാതെയാണ് ബംഗാളില്‍ ബിജെപി ആയുധങ്ങളുമായി റാലി നടത്തിയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍  രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 

മമതാ ബാനര്‍ജി സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടും പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഗോഷിന്റെ നേതൃത്വത്തില്‍ രാമനവമിയുടേ പേരില്‍ പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി തെരുവിലറങ്ങുകയായിരുന്നു. കൊല്‍ക്കത്തയിലും ന്യൂ ടൌണിലും കരാഗ്പുരീലും വാളും കത്തിയും ഉയര്‍ത്തികാട്ടി നൂറ് കണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു. 

രാമരാജ്യത്തിനായുള്ള ചുവട് വയപ്പെന്നായിരുന്നു ബിജെപി നേതാവ് മുകുള്‍ റോയിയുടെ പ്രതികരണം. തൃണമൂല്‍ കോണ്‍ഗ്രസും സംസ്ഥാനത്ത് രാമനവമി ആഘോഷം ഒരുക്കിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആഘോഷ പന്തലുകള്‍ ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിച്ചതായും ആരോപണമുണ്ട്. ഹവുറ ജില്ലയിലും ദുര്‍ഗപുറിലും തൃണമൂല്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

പാരമ്പര്യത്തെ ഉയര്‍ത്തികാട്ടാനായാണ് ആയുധ റാലി നടത്തിയതെന്നും അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശ്രമമെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം രാമനവമി ആഘോഷങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുത്തിരുന്നില്ല. പുതിയ നയം മാറ്റം മമതാ സര്‍ക്കാര്‍ മൃദു ഹിന്ദുത്വത്തിലേക്ക് ചുവട് മാറുന്നതിന്റെ സൂചനയാണെന്നും ബിജെപി ആരോപിച്ചു.

loader