പെൺകുട്ടികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് വിവാദ  പരാമര്‍ശം അധ്യാപകനെതിരെയുള്ള നിലപാട് തിരുത്തി പൊലീസ് അധ്യാപകനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമെന്ന് പൊലീസ്

കോഴിക്കോട്: വിവാദ പ്രസംഗം നടത്തിയ ഫാറൂഖ് കോളേജിലെ അധ്യാപകനെതിരെയുള്ള നിലപാട് തിരുത്തി പൊലീസ്. പെൺകുട്ടികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ അധ്യാപകൻ ജൗഹർ മുനവിറിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമെന്ന് കൊടുവള്ളി പൊലീസ്.

അധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന വിവരം മാധ്യമങ്ങൾക്ക് നൽകിയതിൽ പിശക് പറ്റിയെന്ന് കൊടുവള്ളി സിഐ പി. ചന്ദ്രമോഹൻ. ജൗഹര്‍ മുനവറിനെതിരെ സ്ത്രീത്വത്തെ അപമാനിക്കും വിധം ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസ്‍ എടുത്തിരിക്കുന്നത്. ഫാറൂഖ് കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി അമൃത മേത്തര്‍ നല്‍ കിയ പരാതി പ്രകാരമാണ് കേസെടുത്തത്. കൊടുവള്ളി സ്റ്റേഷന്‍ പരിധിയിലെ എളേറ്റിൽ വട്ടോളിയിലായിരുന്നു അദ്ധ്യാപകന്‍ വിവാദ പരാമര്‍ശം നടത്തിയത്.