Asianet News MalayalamAsianet News Malayalam

പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; പോലീസ് കേസെടുത്തു

case on medical negligence woman dies in idukki
Author
First Published Feb 16, 2018, 8:48 PM IST

ഇടുക്കി: നെടുങ്കണ്ടത്ത് ഗർഭിണി മരിച്ചത് ചികിത്സാപിഴവെന്നാരോപിച്ച് നാട്ടുകാർ സ്വകാര്യ ആശുപത്രി അടിച്ചു തകർത്തു. സംഭവത്തില്‍ യുവതിയുടെ ഭർത്താവിന്‍റെ പരാതിയില്‍ നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തോപ്രാംകുടി പുഷ്പഗിരി പൂവത്തുങ്കല്‍ സുധീഷിന്റെ ഭാര്യ അനുജ(23) ആണ് മരിച്ചത്. ശസ്ത്രക്രിയയിലെ പിഴവും ആശുപത്രി അധികൃതരുടെ അനാസ്ഥയുമാണ് മരണകാരണം എന്നാരോപിച്ച് ബന്ധുക്കള്‍ നെടുങ്കണ്ടം ജീവമാതാ ആശുപത്രി അടിച്ചു തകര്‍ത്തു. ബുധനാഴ്ച രാവിലെ 11 ഓടെയാണ് അനുജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരം അഞ്ചോടെ ശസ്ത്രക്രിയയ്ക്ക് കയറ്റുകയായിരുന്നു. 5.15 ഓടെ ഓപ്പറേഷന്‍ പൂര്‍ത്തിയാകുകയും പെണ്‍കുഞ്ഞിനെ ബന്ധുക്കളെ കാണിക്കുകയും ചെയ്തു. 

എന്നാല്‍ പിന്നീട് അനുജയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഓപ്പറേഷന് ശേഷം കലശലായ നെഞ്ച് വേദനയും പിടലി, വയറ് എന്നിവിടങ്ങളില്‍ വേദനയും അനുഭവപ്പെടുകയും ശര്‍ദ്ദിയുണ്ടാകുകയും ചെയ്തു. വിവരം ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നു എങ്കിലും, കുറച്ച് വേദന ഉണ്ടാകുമെന്നും ഇതെല്ലാം സ്വാഭാവികമാണെന്നും നേഴ്‌സുമാര്‍ അറിയിക്കുകയായിരുന്നു. ഈ സമയങ്ങളില്‍ ഡോക്ടര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. നേഴ്‌സുമാരുടെ പരിചരണവും അനുജയ്ക്ക് ലഭിച്ചില്ല. വീട്ടുകാര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് രാത്രി 11 ഓടെ ഡോക്ടര്‍ എത്തി ഇഞ്ചക്ഷന്‍ നല്‍കി മടങ്ങുകയും ചെയ്തു. 

പിന്നീട് സ്ഥിതി ഗുരുതരമാകുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. 12 മണിയോടെ നെടുങ്കണ്ടത്തെ വിവിധ ഗൈനക്കോളജി വിദഗ്ധരെ ആശുപത്രി അധികൃതര്‍ വിളിച്ചുവരുത്തുകയും അനുജ ഗുരുതരാവസ്ഥയിലാണെന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ യുവതിയുടെ അവസ്ഥ മോശമായിട്ടും ഐസിയുവില്‍ പ്രവേശിപ്പിക്കുകയോ ഓക്‌സിജന്‍ നല്‍കുകയോ ചെയ്തില്ലെന്നും വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുവാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. 

ആശുപത്രി അധികൃതര്‍ എല്ലാ ആളുകളേയും മാറ്റിയതിന് ശേഷം മാത്രമാണ് അനുജയുടെ മരണവിവരം ബന്ധുക്കളെ അറിയിച്ചതെന്നും ഇവര്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ബന്ധുക്കള്‍ ആശുപത്രിയുടെ ജനല്‍ ചില്ലുകളും ഗ്ലാസുകളും അടിച്ചുതകര്‍ത്തത്. വിവരം അറിഞ്ഞ് എത്തിയ നാട്ടുകാരും ആശുപത്രിക്ക് നേരെ കല്ലേറ് നടത്തിയതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമായി. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തി രംഗം ശാന്തമാക്കുകയായിരുന്നു. മന്ത്രി എം.എം മണിയും പ്രാദേശിക രാഷ്ട്രീയ നേതാക്കളും വിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തി. 

സംഭവം സംബന്ധിച്ച് ആശുപത്രിക്കെതിരെ ബന്ധുക്കള്‍ നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കി. കുഞ്ഞിനെ നെടുങ്കണ്ടം കരുണാ ആശുപത്രിയിലെ ഇന്‍കുബേറ്ററില്‍ പ്രവേശിപ്പിച്ചു. അനുജയുടെ മൃതദേഹം പോസ്റ്റ് മാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സുധീഷ് - അനുജ ദമ്പതികള്‍ക്ക് അഞ്ച് വയസുള്ള ഒരു ആണ്‍കുട്ടി കൂടിയുണ്ട്. കൊച്ചുകാമാക്ഷി അടയാളക്കല്ല് പടിയിറമാവില്‍ ഷാജിയുടെയും ശോഭനയുടെയും മകളാണ് അനുജ. സുധീഷ് എറണാകുളത്ത് ടാക്‌സി ഡ്രൈവറും അനുജ തയ്യല്‍ ജോലിക്കാരിയും ആയിരുന്നു.
 

Follow Us:
Download App:
  • android
  • ios