ഭിന്ന ലിംഗക്കാ‍ര്‍ക്കെതിരായ പരാമര്‍‍ശത്തില്‍ നടി ഖുശ്ബുവിനെതിരെ കേസ്. ഭിന്നലിംഗവിഭാഗത്തില്‍പ്പെട്ട ആള്‍ നല്‍കിയ ഹര്‍ജി മധുര ജില്ലാ കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു. കേസ് ഈ മാസം 25ന് പരിഗണിക്കും. ഭിന്ന ലിംഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കുന്നതിനെ പറ്റിയുള്ള ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് വക്താവായ ഖുശ്ബു നടത്തിയ പ്രസ്താവനയാണ് വിവാദമായത്. രാഷ്‌ട്രീയത്തിന്റെ അടിത്തട്ടില്‍നിന്ന് പ്രവര്‍ത്തിച്ചുവരാത്ത ഭിന്ന ലിംഗക്കാര്‍ക്ക് തെരഞ്ഞെടുപ്പ് വരുമ്പോള്‍ സീറ്റ് ആവശ്യപ്പെടാനുള്ള അര്‍ഹതയില്ലെന്നാണ് ഖുശ്ബു പറഞ്ഞത്. 

ഇതിനെതിരെ ഭിന്നലിംഗവിഭാഗത്തില്‍പ്പെട്ടവര്‍ വലിയ തോതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഖുശ്ബുവിനെതിരെ തമിഴ്നാട് കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പ്രതിഷേധം നടത്തിയ ഇവ‍ര്‍ ഖുശ്ബുവിന്റെ പ്രസ്താവന തള്ളിക്കളയുകയും ചെയ്തു. സമൂഹത്തിലെ വിവിധ വിഷയങ്ങളില്‍ കൃത്യമായ അഭിപ്രായവും നിലപാടും ഉള്ളവരാണ് തങ്ങളെന്നും പലരും ആക്ടിവിസ്റ്റുകളായി പ്രവര്‍ത്തിക്കുന്നവരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ മധുരയിലാണ് ഖുശ്ബുവിനെതിരെ കേസ് രജിസ്ടര്‍ ചെയ്തിരിക്കുന്നത്. ഭിന്നലിംഗ വിഭഗത്തില്‍തന്നെ പെട്ട ഭാരതി കണ്ണമ്മ എന്നയാളാണ് പരാതി നല്‍കിയത്. കേസ് ഫയലില്‍ സ്വകരിച്ച മധുര ജില്ലാ കോടതി കേസ് ഈ മാസം 25ന് പരിഗണിക്കുമെന്ന് അറിയിച്ചു.