കൊച്ചി: എറണാകുളത്ത് വിദ്യാര്‍ത്ഥികളെ ആക്രമിച്ച ബസ് ജീവനക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മൂന്ന് പ്രതികളുള്ള കേസില്‍ ഒന്നാം പ്രതി ബസ്സിന്റെ ഡോര്‍ ചെക്കര്‍ അബു താഹിറാണ്. കണ്ടക്ടര്‍ അഭിജിത്ത്, ഡ്രൈവര്‍ അജീഷ് എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. മൂന്ന് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ വൈകീട്ടാണ് എറണാകുളം നെട്ടൂരിലെ ഐടിഐയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബസ് ജീവനക്കാരുടെ ആക്രമണമുണ്ടായത്.
ബസില്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ നാല് ദിവലസമായി വാക്ക് തര്‍ക്ക്ം തുടരുകയാണ്. സംഭവത്തെ ചോദ്യം ചെയ്യാന്‍ വിദ്യാര്‍ത്ഥികളെത്തുമെന്ന മുന്‍ധാരണ പ്രകാരം ബസ് ജീവനക്കാര്‍ മാരകായുധങ്ങള്‍ സൂക്ഷിച്ചിരുന്നു. കത്തിയ്ക്ക് സമാനമായ ഇരുമ്പ് കഷ്ണം ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികളെ ഇവര്‍ ആക്രമിച്ചത്. ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ കൊച്ചിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പ്രദേശത്ത് ഓടിക്കൂടിയ നാട്ടുകാരാണ് വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തിച്ചത്. നാട്ടുകാര്‍ ബസ് ജീവനക്കാരെ തടഞ്ഞുവച്ചു. പിന്നീട് പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു.
