കൊച്ചി: തിരുനാള്‍ ആഘോഷങ്ങളിലെ ആര്‍ഭാടങ്ങള്‍ക്കെതിരെ കത്തോലിക്ക സഭ. പള്ളിപ്പെരുനാളുകളില്‍ വെടിക്കെട്ടും മേളങ്ങളും ഒഴിവാക്കണം. തിരുനാളുകള്‍ ലാളിത്യത്തിന്റെ വേദിയാകണമെന്നും സീറോ മലബാര്‍ സഭ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

പള്ളിപ്പെരുനാളുകള്‍ ആര്‍ഭാടങ്ങളുടെ വേദിയാകുന്നു എന്ന് ആരോപണം ഉയരുന്നതിനിടെയാണ് ആഘോഷങ്ങള്‍ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി രംഗത്തെത്തിയിരിക്കുന്നത്. തിരുനാളുകള്‍ കാരുണ്യത്തിന്റെയും ലാളിത്യത്തിന്റെയും വേദിയാകണമെന്ന് ആലഞ്ചേരി പറഞ്ഞു. 

വെടിക്കെട്ടും മേളങ്ങളും പ്രാര്‍ത്ഥനാചൈതന്യം ഇല്ലാതാക്കുന്നു. നേര്‍ച്ച വരുമാനത്തിന്റെ വര്‍ദ്ധന തിരുനാള്‍ വിജയത്തിന്റെ മാനദണ്ഡമാക്കുന്നത് ശരിയല്ല. പള്ളിപ്പരിസരത്ത് നേര്‍ച്ച വസ്തുക്കള്‍ പാചകം ചെയ്ത് ഭക്ഷിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും കര്‍ദ്ദിനാള്‍ ആവശ്യപ്പെട്ടു.

തിരുനാളില്‍ നിന്നുള്ള വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണം. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പാല ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സമ്മയുടെ തിരുനാള്‍ നടത്തിയ രീതി വിശ്വാസികള്‍ പിന്തുടരണം. ലളിത ജീവിതം നയിക്കണമെന്ന് ആഹ്വാനം ചെയ്ത ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വാക്കുകള്‍ വിശ്വാസി സമൂഹം പിന്തുടരണമെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.