ദില്ലി: കാവേരി നദിയിൽ നിന്നും കർണാടകം തമിഴ്നാടിന് ആറായിരം ക്യുസക്സ് വെള്ളം പ്രതിദിനം നൽകണമെന്ന് സുപ്രീം കോടതി.കാവേരി മേൽനോട്ടസമിതിയുടെ ഉത്തരവ് ഭേദഗതി ചെയ്താണ് സുപ്രീം കോടതിയുടെ നിർദ്ദേശം. കാവേരി നദിയിൽ നിന്ന് ഈ മാസം മുപ്പത് വരെ പ്രതിദിനം മൂവായിരം ഘനയടി വെള്ളം തമിഴ്നാടിന് വിട്ടുനൽകണമെന്ന് ഇന്നലെ കാവേരി മേൽനോട്ട സമിതി നിർദ്ദേശിച്ചിരുന്നു. ഇന്ന് കൂടുതൽ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴ്നാടിന്റെ ഹർജി പരിഗണിച്ച സുപ്രീം കോടതി മേൽനോട്ട സമിതിയുടെ ഉത്തരവ് ഭേദഗതി ചെയ്ത് ഈ മാസം ഇരുപത്തിയേഴ് വരെ തമിഴ്നാടിന് ആറായിരം ക്യുസക്സ് വെള്ളം വിട്ടുനൽകണമെന്ന് നിർദ്ദേശിച്ചു.
ട്രൈബ്യൂണലിന്റെ ഉത്തരവനുസരിച്ച് വെള്ളം പങ്കുവെക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാനായി കാവേരി മാനേജ്മെന്റ് ബോർഡ് നാലാഴ്ചക്കകം രൂപീകരിക്കണമെന്നും കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് കാവേരി നദീതട ജില്ലയായ മാണ്ഡ്യയിൽ പ്രതിഷേധം ശക്തമായി.ബംഗളുരു മൈസൂർ ദേശിയ പാതയിൽ പ്രതിഷേധക്കാർ പ്രകടനം നടത്തി.സംഘർഷ സാധ്യത കണക്കിലെടുത്ത് ബംഗളുരു, മാണ്ഡ്യ ഉൾപ്പെടെയുള്ള പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിർത്തികളിൽ കനത്ത ജാഗ്രത തുടരുകയാണ്.വിധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ അടിയന്തര മന്ത്രിസഭ യോഗം വിളിച്ചു.അതേസമയം കാവേരിയിൽ നിന്ന് അധികം വെള്ളം ലഭിച്ചതിനെ തുടർന്ന് മേട്ടൂർ അണക്കെട്ടിൽ നിന്ന് തമിഴ്നാട് കർഷകർക്ക് വെള്ളം വിട്ടുനൽകിത്തുടങ്ങി.കുറഞ്ഞ മഴ കാരണം അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭ യോഗം സംസ്ഥാനത്തെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.കൃഷി നഷ്ടത്തിലായതും കടബാധ്യതയും കാരണം കഴിഞ്ഞ വർഷം മാത്രം ആയിരത്തി മുന്നൂറ് കർഷകരാണ് കർണാടകത്തിൽ ആത്മഹത്യ ചെയ്തത്.
