Asianet News MalayalamAsianet News Malayalam

ചന്ദ കൊച്ചാറിനെതിരായ കേസ് ഇഴഞ്ഞു നീങ്ങി; ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതില്‍ സിബിഐ വിശദീകരണം

എസ് പി മോഹിത് ഗുപ്തയുടെ കീഴിൽ റെയ്ഡ് നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ റെയ്ഡ് വിവരം ചോർന്നു എന്ന സംശയത്തിനെ തുടര്‍ന്നാണ് ഇത് ഒഴിവാക്കിയത്. വിവരം ചോർത്തിയത് സുധാൻശു മിശ്ര ആണെന്നാണ് സംശയമെന്നും സിബിഐ വിശദീകരണം

cbi clarifies about transfer of sp
Author
Mumbai, First Published Jan 27, 2019, 4:03 PM IST

മുംബൈ: ഐ സി ഐ സി ഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത എസ് പിയെ സ്ഥലം മാറ്റിയതില്‍ വിശദീകരണവുമായി സി ബി ഐ. സി ബി ഐയിലെ സുപ്രധാന കേസായിട്ടും എസ്പി സുധാൻശു മിശ്രയുടെ കീഴിൽ ഇഴഞ്ഞു നീങ്ങി. വിമർശനങ്ങളെ തുടർന്നാണ് ഒടുവിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. തൊട്ടുപിന്നാലെ റെയ്ഡുകൾ നടത്താൻ ഉദ്ദേശിച്ചെങ്കിലും ഒഴിവാക്കുകയായിരുന്നു. 

എസ് പി മോഹിത് ഗുപ്തയുടെ കീഴിൽ റെയ്ഡ് നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ റെയ്ഡ് വിവരം ചോർന്നു എന്ന സംശയത്തിനെ തുടര്‍ന്നാണ് ഇത് ഒഴിവാക്കിയത്. വിവരം ചോർത്തിയത് സുധാൻശു മിശ്ര ആണെന്നാണ് സംശയം. മിശ്രക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണെന്നും അന്വേഷണം ഇഴഞ്ഞു നീങ്ങിയതിലും മിശ്രക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും സി ബി ഐ വ്യക്തമാക്കി. 

എഫ് ഐ ആർ രജിസറ്റർ ചെയ്ത് തൊട്ടടുത്ത ദിവസമാണ് സ്ഥലം മാറ്റം. സി ബി ഐ നടപടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്ത് വന്നിരുന്നു. ദില്ലി സി ബി ഐ ആസ്ഥാനത്തെ ബാങ്ക് ഫ്രോഡ് സെല്‍ എസ് പി സുധാന്‍ശു ധർമിശ്രയെയാണ് സ്ഥലം മാറ്റിയത്. റാഞ്ചിയിലെ സാമ്പത്തിക വിഭാഗം സെല്ലിലേക്കാണ് മാറ്റം. ഐ സി ഐ സി ഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാർ, വിഡീയോ കോണ്‍ ചെയർമാന്‍ വി എന്‍ ദൂധ് എന്നിവരെ പ്രതികളാക്കി കഴിഞ്ഞ 22നാണ് സുധാന്‍ശു മിശ്ര എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. 

ഒരു വർഷത്തിലേറെ നീണ്ട പ്രാഥമിക അന്വേഷണത്തിന് ശേഷമായിരുന്നു നടപടി. ബാങ്കിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരെയും എഫ് ഐ ആറില്‍ പരാമർശിച്ചിട്ടുണ്ട്. എന്നാല്‍ എഫ് ആർ ആർ ഇട്ടതിന് പിറ്റേന്ന് തന്നെ മിശ്രയെ സ്ഥലം മാറ്റി. പകരം കൊല്‍ക്കത്തയിലെ സാമ്പത്തിക സെല്‍ വിഭാഗം എസ്പി ബിശ്വജിത് ദാസിന് ചുമതല നല്‍കി. സ്ഥലം മാറ്റിയതിന് പിന്നാലെ സി ബി ഐയെ പരസ്യമായി വിമർശിച്ച് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റലി രംഗത്തെത്തിയിരുന്നു. 

നിയമപരമായ തെളിവുകളില്ലാതെ അന്വേഷണം നടത്തുന്നത് വ്യക്തികളെ തേജോവധം ചെയ്യാന്‍ മാത്രമേ ഉപകരിക്കൂ എന്നായിരുന്നു ജെയ്റ്റ്ലി ട്വിറ്ററില്‍ കുറിച്ചത്. കാടടച്ചുള്ള അന്വേഷണത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ഒരാളെ പ്രതി ചേർക്കരുതെന്നും ജെയ്റ്റലി എഴുതി. ധനകാര്യമന്ത്രിയുടെ ചുമതല വഹിക്കുന്ന പിയൂഷ് ഗോയലും പ്രതിരോധമന്ത്രി നിർമല സീതാരാമനും ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തു. 

അരുണ്‍ ജെയ്റ്റ്ലിയുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തി. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി അന്വേഷണ ഏജന്‍സികള്‍ നടപടി സ്വീകരിക്കരുതെന്ന തന്റെ പ്രസ്താവനയെ വിമർശിച്ച ജെയ്റ്റ്ലിയും ഇത് തന്നെയല്ലേ ചെയ്യുന്നതെന്ന് പാർട്ടി വക്താവ് ആനന്ദ് ശർമ ചോദിച്ചു. സിബിഐ അന്വേഷണത്തില്‍ അരുണ്‍ ജെയറ്റ്ലി ഇടപെടുന്നു എന്നായിരുന്നു ജയറാം രമേശിന്റെ പ്രതികരണം.

Follow Us:
Download App:
  • android
  • ios