നാല് വർഷം കൊണ്ടാണ് സിബിഐ അന്വേഷണം പൂർത്തിയാക്കിയത്. ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്

തിരുവനന്തപുരം: ഐഎൻടിയുസി നേതാവായ അഞ്ചൽ രാമഭദ്രൻ വധക്കേസിൽ 23 പ്രതികൾക്ക് തിരുവനന്തപുരം സിബിഐ കോടതി നോട്ടീസയച്ചു. ഈ മാസം 28ന് ഹാജരാകാനാണ് നോട്ടീസ്. കേസിൽ സിപിഎമ്മിന്‍റെ ജില്ലാ നേതാക്കൾ ഉൾപ്പെടെ പ്രതികളാണ്.

നാല് വർഷം കൊണ്ടാണ് സിബിഐ അന്വേഷണം പൂർത്തിയാക്കിയത്. ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സിബിഐ ആദ്യം സമർപ്പിച്ച എഫ്ഐആറിൽ 23 പ്രതികളാണ് ഉണ്ടായിരുന്നത്. ആറാം പ്രതിയായിരുന്ന രാജീവ്, പത്താം പ്രതിയായിരുന്ന ശ്രീകുമാർ എന്നിവരെ മാപ്പു സാക്ഷികളാക്കിയിരുന്നു. അഞ്ചാം പ്രതി രമേശിനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് കൊലപാതക കാരണമെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. 

സിപിഎം മേഖലകളിൽ കോൺഗ്രസ് പാർട്ടിയുടെ പ്രചാരം വർധിപ്പിക്കാനും പ്രവർത്തകരെ സിപിഎമ്മിൽ നിന്ന് കോൺഗ്രസിലേക്ക് കൊണ്ടുവരാനും രാമഭദ്രൻ ശ്രമിച്ചിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമായി പറയുന്നത്.