കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോഴവാങ്ങുന്ന നാരദ ന്യൂസിന്റെ ഒളിക്യാമറ റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്. 72 മണിക്കൂറിനകം പ്രാഥമിക അന്വേഷണം നടത്തണമെന്ന് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് മാര്‍ച്ച് മാസത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍, സംസ്ഥാന മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍ തുടങ്ങിയ 11 പാര്‍ട്ടി നേതാക്കള്‍ കോഴ വാങ്ങുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്ത് വിട്ടത്. ഒളിക്യാമറ റിപ്പോര്‍ട്ടിന്റെ ആധികാരികത മുഖ്യമന്ത്രി ചോദ്യം ചെയ്ത സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിന് കല്‍ക്കട്ട ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് നിഷിതാ മാത്രെ, ജസ്റ്റിസ് ടി ചക്രബോര്‍ത്തി എന്നിവരടങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ആരോപണവിധേയര്‍ ശക്തരാണെന്ന് നിരീക്ഷിച്ച കോടതി സംസ്ഥനപൊലീസ് ഇവരുടെ കയ്യിലെ പാവകളാണെന്നും വ്യക്തമാക്കി. അതിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നതെന്നും കോടതി അറിയിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച എല്ലാ ഉപകരണങ്ങളും പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു.

ഒരു വ്യാജ കമ്പിനിക്ക് വേണ്ടി കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളാണ് പോര്‍ട്ടല്‍ പുറത്ത് വിട്ടത്. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ അസ്വാര്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോടതി ഉത്തരവ് മമതക്ക് തിരിച്ചടിയാണ്‌.