കൊച്ചി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കാൻ തയാറാണെന്ന് സിബിഐ. ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കാമെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം എന്തുകൊണ്ടാണ് ഒരു ജില്ലയിൽ മാത്രം ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങളെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ ഈ മാസം 25ന് മറുപടി സത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചു. കുടുംബവഴക്കുകൾ മൂലമുള്ള കൊലപാതകം വരെ രാഷ്ട്രീയമായി ചിത്രീകരിക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.
സംസ്ഥാനത്ത് ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം ബിജെപി-ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട ഏഴു കേസുകളുടെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
രാഷ്ട്രീയ കൊലക്കേസുകളിൽ നടക്കുന്ന അന്വേഷണം നിരീക്ഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങൾ സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തിനു ഭീഷണിയാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
