കൊച്ചി: സിബിഐ ചമഞ്ഞ് ആലുവയിൽ രണ്ടംഗ സംഘത്തിന്റെ കവർച്ച .ഇതരസംസ്ഥാനക്കാരിൽ നിന്ന് അരലക്ഷം രൂപയും എടിഎം കാ‍ർഡുകളും തട്ടിയെടുത്ത സംഘത്തിനായി പൊലീസ് തെരച്ചിൽ ശക്തമാക്കി. ഇവരിൽ ഒരാൾ മലയാളി ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രാവിലെ ആലുവ സ്റ്റേഷനിൽ നിന്ന് ജാർഖണ്ഡിലേക്ക് പോകാനെത്തിയ ഒഡീഷ സ്വദേശികളായ സുരാധാൻ, തബോവൻ എന്നിവരാണ് തട്ടിപ്പിനിരയായത്. ആലുവ സ്റ്റേഷനിൽ ട്രെയിൻ കാത്ത് നിൽക്കുകയായിരുന്ന ഇരുവരേയും തട്ടിപ്പുകാർ സിബിഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് സമീപിക്കുകയായിരുന്നു. സ്റ്റേഷനിൽ മറ്റ് ചില ഇതരസംസ്ഥാനക്കാരായ യാത്രക്കാരും ഉണ്ടായിരുന്നു.ഇവരുടെ ബാഗുകൾ പരിശോധിച്ച ശേഷം മോഷ്ടാക്കൾ കൂടുതൽ പരിശോധനയ്ക്ക് എന്ന പേരിൽ ഓഡീഷ സ്വദേശികളെ അടുത്തുള്ള കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് കൊണ്ടു പോയി. അവിടെ വച്ച് പോക്കറ്റിൽ നിന്ന് ബലം പ്രയോഗിച്ച് പണം എടുത്ത ശേഷം ഇരുവരും ഓടി രക്ഷപ്പെട്ടു.

46000 രൂപയ്ക്കൊപ്പം എടിഎം കാർഡുകളും കവർന്നു.പിന്നീട് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സമീപത്തെ സിസിടിവിയിൽ നിന്ന് ഇരുവരുടെയും ചിത്രങ്ങൾ ലഭിച്ചു.ഇവർക്കായുള്ള തെരച്ചിൽ വ്യാപകമാക്കിയതായി പൊലീസ് പറഞ്ഞു.കവർച്ച നടത്തിയവരിൽ ഒരാൾ മലയാളിയും മറ്റേയാൾ ഹിന്ദി സംസാരിക്കുന്ന ആളാണെന്നുമാണ് പ്രാഥമിക നിഗമനം.തട്ടിപ്പിന് പിന്നിൽ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.