ദോഹ: സി.ബി.എസ്.സി ഇന്റർനാഷനൽ പഠന സമ്പ്രദായം റദ്ദാക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ ബോഡിന്‍റെ തീരുമാനം ഗൾഫിലെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കും. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ മാനേജ്‌മെന്റുകൾ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണ്.
ഗൾഫിലടക്കം സി.ബി.എസ്.സി ഐ നിലവിലുള്ള സ്‌കൂളുകളിൽ അടുത്ത വർഷം മുതൽ ഈ സിലബസിലേക്ക് വിദ്യാർത്ഥികളെ
പ്രവേശിപ്പിക്കരുതെന്നും നിലവിലുള്ള വിദ്യാർത്ഥികൾ അടുത്ത വർഷം മുതൽ സി.ബി.എസ്.സി റെഗുലർ പഠന സമ്പ്രദായത്തിലേക്ക് മാറണമെന്നുമാണ്
നിർദേശം.
കഴിഞ്ഞ മാസം 31 നാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. രാജ്യാന്തര
മാനദണ്ഡത്തിലുള്ള ഗുണനിലവാരമുള്ള പഠന സാമഗ്രികൾ ലഭ്യമല്ലാത്തതാണ് സി.ബി.എസ്.സി ഐ റദ്ദാക്കാൻ കാരണമായി സർക്കുലറിൽ
ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ പാതിവഴിക്ക് വെച്ചു സിലബസ് നിർത്തലാക്കുന്നത് കുട്ടികളെ ആശയക്കുഴപ്പത്തിലാക്കുമെന്നും നിർദേശപ്രകാരമുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളോടെയുമാണ് ഗൾഫിലെ സ്‌കൂളുകൾ പ്രവർത്തിക്കുന്നതെന്നും ദോഹയിലെ ഇന്ത്യൻ സ്‌കൂൾ മാനേജ്‌മെന്റുകൾ പറയുന്നു.
ഖത്തറിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ വിജയകരമായി നടപ്പിലാക്കി വരുന്ന സി.ബി.എസ്.സി ഐ സിലബസ് പ്രകാരമുള്ള പഠന സമ്പ്രദായത്തിൽ
കുട്ടികളും രക്ഷിതാക്കളും ഒരുപോലെ സംതൃപ്തരാണെന്നിരിക്കെയാണ് പൊടുന്നനെ സിലബസ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള
നിർദേശം വന്നിരിക്കുന്നത്. തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെട്ട്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നൽകാൻ ഇന്നലെ ദോഹയിൽ ചേർന്ന വിവിധ ഇന്ത്യൻ സ്‌കൂളുകളിലെ മാനേജ്‌മെന്റ് പ്രതിനിധികളുടെ
യോഗത്തിൽ തീരുമാനമാനമെടുത്തു.
