തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയോടെ ഫലം സിബിഎസ്ഇയുടെ വെബ്സൈറ്റുകളില്‍ ലഭ്യമാകും. cbse.nic.in, cbseresults.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും. 16,67,573 വിദ്യാർഥികൾ ഇത്തവണ പരീക്ഷയെഴുതിയിട്ടുണ്ട്. ഫലം വൈകുന്നതില്‍ കടുത്ത ആശങ്കയാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്.

 ഫലം വൈകിയാൽ സംസ്ഥാനത്തെ ഹയർ സെക്കൻഡറി കോഴ്സിലേക്കു പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയുമോ എന്നതായിരുന്നു ആശങ്കയ്ക്ക് അടിസ്ഥാനം. ജൂണ്‍ അഞ്ചാണ് സംസ്ഥാന സര്‍ക്കാരിനു കീഴിലുളള സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാനുളള അവസാന തീയതി.

കഴിഞ്ഞ വർഷം സിബിഎസ്ഇ പത്താം ക്ലാസ് ഫലം മേയ് 24നും പ്ലസ് ടു ഫലം മേയ് 28നുമാണ് പ്രസിദ്ധീകരിച്ചത്. ഇതിനു ശേഷമാണു സംസ്ഥാന ഹയർ സെക്കൻഡറി പ്രവേശനം നടന്നത്. ഇത്തവണയും പ്ലസ് ടു ഫലം മേയ് 28നു തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പത്താം ക്ലാസ് ഫലം പതിവിലും വൈകിയതാണ് ആശങ്കകൾക്കിടയാക്കിയത്.