രാത്രി 10.15ഓടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തിയതും പിന്നീട് എസ്.ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.

ദില്ലി: സുഹൃത്തിന്റെ മകളുടെ ജന്മദിനാഘോഷത്തിനിടെ നടന്ന 'ആഘോഷ' വെടിവെപ്പില്‍ പൊലീസുകാരന് ഗുരുതര പരിക്ക്. ദില്ലിയിലെ രോഹിണിയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹരീഷ് എന്ന സബ് ഇന്‍സ്പെക്ടര്‍ക്കാണ് പരിക്കേറ്റത്. ഇയാളുടെ തോളിലും നെഞ്ചിലും രണ്ട് വെടിയുണ്ടകളാണ് തറഞ്ഞുകയറിയത്. 

രാഹുല്‍ യാദവ് എന്നയാളുടെ മകളുടെ ജന്മദിന ആഘോഷത്തിനിടെയായിരുന്നു സംഭവം. ആഘോഷങ്ങളുടെ ഭാഗമായി ആകാശത്തേക്ക് വെടിവെയ്ക്കുന്ന സംഭവങ്ങള്‍ ദില്ലിയില്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും ഇത് എങ്ങനെ പൊലീസുകാരന്റെ ശരീരത്തില്‍ തറച്ചുവെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് പൊലീസ് അറിയിച്ചു. രാത്രി 10.15ഓടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തിയതും പിന്നീട് എസ്.ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. നെഞ്ചില്‍ തറച്ച വെടിയുണ്ട ശ്വാസകോശത്തിനും വയറിനും പരിക്കേല്‍പ്പിച്ച് പ്ലീഹയില്‍ തറഞ്ഞുകയറിയ നിലയിലായിരുന്നു. തോളില്‍ തറച്ച വെടിയുണ്ട വലിയ അപകടമുണ്ടാക്കിയിട്ടില്ല. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഹരീഷിന്റെ നില തൃപ്തികരമായിട്ടില്ല. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.