ആറ് പാപ്പാൻമാരും നാല് സ്ത്രീകളും ഒരു വിദ്യാർത്ഥിയും ഇന്ന് കൊന്ന കണ്ണൂർ സ്വദേശി ബാബുവുമടക്കം 12 പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആക്രമണത്തിൽ ഇതുവരെ മരിച്ചത്. 1984 ലാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ ആനയെ നടക്കിരുത്തുന്നത്. അടുത്ത അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാൻമാരെ രാമചന്ദ്രൻ കൊലപ്പെടുത്തി.

തൃശ്ശൂർ: കേരളത്തിലെ നാട്ടാനകൾക്കിടയിലെ സൂപ്പർ സ്റ്റാറാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. കേരളത്തിലങ്ങോളമിങ്ങോളും ആരാധകരുള്ള ഗജപ്രമുഖൻ. എല്ലാ ഗജലക്ഷണങ്ങളും തികഞ്ഞ ആനയെന്ന് കണക്കാക്കുന്ന ഈ ആനയെ ആനപ്രേമികൾ രാമരാജൻ എന്നാണ് വിളിക്കുന്നത്. കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തന്നെ. നിരവധി ഫേസ്ബുക്ക് പേജുകളും വാട്സാപ് കൂട്ടായ്മകളുമൊക്കെ തെച്ചിക്കോട്ട് രാമചന്ദ്രന്‍റെ പേരിലുണ്ട്. കേരളത്തിൽ 'ഏകഛത്രാധിപതി' പട്ടമുള്ള ഏക ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. അതേസമയം ഉത്സവത്തിനിടെ ഇടയുന്നതിനും ആളുകളുടെ ജീവനെടുക്കുന്നതിലും തെച്ചിക്കോട്ട് രാമചന്ദ്രൻ കുപ്രസിദ്ധനാണ്.

ആറ് പാപ്പാൻമാരും നാല് സ്ത്രീകളും ഒരു വിദ്യാർത്ഥിയും ഇന്ന് മരിച്ച കണ്ണൂർ സ്വദേശി ബാബുവുമടക്കം 12 പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞതിനിടെ ഇതുവരെ മരിച്ചത്. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്‍റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. 1984 ലാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ ആനയെ നടക്കിരുത്തുന്നത്. അടുത്ത അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാൻമാരെ രാമചന്ദ്രൻ കൊലപ്പെടുത്തി.

1986ൽ അന്നത്തെ പാപ്പാൻ വാഹനമിടിച്ച് മരണപ്പെട്ടതിനെത്തുടർന്ന് എത്തിയ പാപ്പാന്‍റെ മർദ്ദനത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വലതുകണ്ണിന്‍റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. കാലക്രമേണ ഇടതുകണ്ണിന്‍റെ കാഴ്ച ശക്തിയും ഭാഗികമായി നഷ്ടപ്പെട്ടു. 2009ല്‍ തൃശൂര്‍ കാട്ടാകാമ്പല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ച് ഇടഞ്ഞ ആനയുടെ ആക്രമണത്തില്‍ ഒരു പന്ത്രണ്ടുകാരൻ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ആ വർഷം തന്നെ എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ തെച്ചിക്കോട് രാമചന്ദ്രൻ ഇടഞ്ഞപ്പോൾ ഒരു സ്ത്രീ മരിച്ചു. 2013ല്‍ പെരുമ്പാവൂര്‍ കൂത്തുമടം തൈപ്പൂയത്തിനിടെ തെച്ചിക്കോട്ട് രാമചന്ദ്രൻ ഇടഞ്ഞപ്പോൾ പൊലിഞ്ഞത് മൂന്ന് സ്ത്രീകളുടെ ജീവൻ.

2014 മുതൽ തൃശ്ശൂർ പൂരത്തിന് തെക്കേ ഗോപുര വാതിൽ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനെയാണ്. വലതുകണ്ണിന് പൂര്‍ണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്ച്ചയില്ലാത്ത ഈ ആനയെ മൃഗഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധിക്കാതെ എഴുന്നള്ളത്തിന് ഉപയോഗിക്കരുതെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ നേരത്തേ നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ വർഷം പൂരത്തിന് മുമ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍ നിർദ്ദേശിച്ചത് അനുസരിച്ച് ആനയുടെ ആരോഗ്യനില പരിശോധിക്കാൻ മൂന്നംഗ മെഡിക്കൽ സംഘം എത്തിയെങ്കിലും പൂരസംഘാടകരുടേയും പൂരപ്രേമികളുടേയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇവർ തിരിച്ചുപോവുകയായിരുന്നു.

കേരളത്തിലങ്ങോളം ഇങ്ങോളമുള്ള ആനപ്രേമികളുടെ ആവേശമാണെങ്കിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ജന്മം കൊണ്ട് ഇവിടത്തുകാരനല്ല. ബിഹാറിലെ ആനച്ചന്തയിൽ നിന്ന് വാങ്ങി കേരളത്തിലേക്ക് എത്തിക്കുമ്പോൾ പേര് മോട്ടിപ്രസാദ് എന്നായിരുന്നു. ധനലക്ഷ്മി ബാങ്ക് മാനേജരായിരുന്ന എ എൻ രാമചന്ദ്ര അയ്യരായിരുന്നു ആദ്യത്തെ ഉടമ. അദ്ദേഹത്തിൽ നിന്നും തൃശ്ശൂർക്കാരൻ വെങ്കിടാദ്രി സ്വാമി ആനയെ വാങ്ങി ഗണേശൻ എന്ന് പേരിട്ടു. 1984ൽ തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി നടക്കിരുത്തിയപ്പോൾ ഇട്ട പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.