. 15,000 കോടി രൂപ വേണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടത്.

ചെന്നൈ: ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്നാട്ടില്‍ 353.7 കോടി രൂപയുടെ അടിയന്തര സഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. പതിനയ്യായ്യിരം കോടി രൂപ അനുവദിക്കണമെന്നായിരുന്നു സംസ്ഥാനത്തിന്‍റെ ആവശ്യം. തമിഴ്നാട്ടിലെ അടിയന്തരസാഹചര്യം കേന്ദ്രം കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രതികരിച്ചു

വടക്കന്‍ തമിഴ്നാട്ടിലെ തീരമേഖലയില്‍ ആറ് ജില്ലകളില്‍ 15000 കോടി രൂപയുടെ നാശനഷ്ടമാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കുന്നത്.അടിയന്തരമായി ആയിരം കോടിയും പിന്നീട് രണ്ട് ഘട്ടമായി എങ്കിലും ബാക്കി തുകയും നല്‍കണമെന്നുമായിരുന്നു തമിഴ്നാടിന്‍റെ ആവശ്യം. എന്നാല്‍ ദുരന്തബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രസംഘത്തിന്‍റെ പൂര്‍ണ്ണ റിപ്പോര്‍ട്ട് വിലയിരുത്താതെ ഇത്രയും തുക അനുവദിക്കാന്‍ ആകില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്.

ഇടക്കാല സഹായമായി അനുവദിച്ച 353.7കോടി രൂപയ്ക്ക് പുറമേ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്‍റെ സഹായം നല്‍കാമെന്നും കേന്ദ്രം അറിയിച്ചു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന വഴി വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത് പരിഗണിക്കും.കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരമായി തൈകളും വിത്തുകളും എത്തിച്ച് നല്‍കും. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാത്ത മേഖലകളില്‍ കൂടുതല്‍ മണ്ണെണ്ണ അനുവദിക്കും. വിവിധ മന്ത്രാലയങ്ങളെ ഇതിനായി ചുമതലപ്പെടുത്തുമെന്നുമാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

നേരത്തെ ദുരന്തബാധിത മേഖല സന്ദര്‍ശിച്ച കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ പുനരധിവാസത്തിന് കേന്ദ്രസഹായം ഉറപ്പ് വരുത്തുമെന്ന് വ്യക്തമാക്കിയിരുന്നു.അടിയന്തര സഹായമായി ആവശ്യപ്പെട്ടതിന്‍റെ പകുതി പോലും ലഭിക്കാത്തതിന്‍റെ ആശങ്കയിലാണ് എടപ്പാടി സര്‍ക്കാര്‍. തമിഴ്നാട്ടിലെ പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി മുഴുവന്‍ തുകയും കേന്ദ്രം അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വ്യക്തമാക്കി ഉപജീവനവും വീടും നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ പോലും നല്‍കാതെ കേന്ദ്രവും സംസ്ഥാനവും ഒത്തുകളിക്കുയാണെന്ന് മക്കള്‍ നീതി മയ്യം അടക്കമുള്ള പാര്‍ട്ടികള്‍ വിമര്‍ശിച്ചു